ലക്‌നൗ: സംസ്ഥാനത്തെ ഏഴ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാല് വരി എക്‌സ്പ്രസ് വേ ബുന്ദേൽഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12 ന് ഉദ്ഘാടനം ചെയ്യും. 296 കിലോ മീറ്റർ പാത പദ്ധതിയിട്ടിരുന്നതിലും 8 മാസം മുൻപായാണ് പണി പൂർത്തികരിച്ചത്.
2020 ഫെബ്രുവരി 29 ന് ആരംഭിച്ച പദ്ധതിയ്‌ക്ക് 36 മാസത്തെ സമയമാണ് പൂർത്തികരണത്തിനായി നൽകിയിരുന്നത്. നിശ്ചയിച്ചതിലും നേരത്തെ പണി പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ നിർണയിച്ചിരുന്ന ചിലവിന്റെ 12.72 ശതമാനം ലാഭിക്കാനും സർക്കാരിന് കഴിഞ്ഞു. പദ്ധതിക്ക് കണക്കുകൂട്ടിയിരുന്ന തുകയിൽ നിന്നും 1,132 കോടി രൂപയാണ് സർക്കാർ ഇതിലൂടെ ലാഭിച്ചത്. നിലവിൽ നാലുവരി പാത ആറുവരി പാത ആക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ജലൗൻ ജില്ലയിലെ കാത്തേരി ഗ്രാമത്തിലൂടെ സഞ്ചരിച്ചാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
എക്‌സ്പ്രസ്‌വേ യാഥാർത്ഥ്യമാകുന്നതോടെ ബുന്ദേൽഖണ്ഡിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനം നടപ്പിലാകും. ടൂറിസം, വ്യവസായം, കൃഷി എന്നിവയിൽ നിന്നും വരുമാനം വർദ്ധിക്കുമെന്നും എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അവനിഷ് കുമാർ അവസ്തി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി വിജയകരമാക്കുന്നതിൽ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്‌വേ നിർണായകമാകും. ജലൗൻ, ബന്ദ ജില്ലകളിലെ ഇടനാഴിയുടെ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എക്‌സ്പ്രസ്‌വേ ഝാൻസിയെ പ്രയാഗ്‌രാജുമായി ബന്ധിപ്പിക്കുന്ന ചിത്രകൂടിലെ നാഷണൽ ഹൈവേ-35ലാണ് അവസാനിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഝാൻസിയിൽ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. പ്രരംഭഘട്ടത്തിൽ 400 കോടി രൂപയാണ് അനുവദിച്ചത്.
നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ്‌വേ, ഗ്രേറ്റർ നോയിഡയെയും ആഗ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന യമുന എക്‌സ്പ്രസ്‌വേ, 302 കിലോ മീറ്റർ ദൂരമുള്ള ആഗ്ര-ലക്‌നൗ എക്‌സ്പ്രസ്‌വേ,341 കിലോ മീറ്റർ പൂർവാഞ്ചൽ എക്‌സ്പ്രസ്‌വേ എന്നിവ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാനത്ത് നാലു എക്‌സ്പ്രസ്‌വേകളുടെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.594 കിലോ മീറ്റർ ദൂരത്തിലുള്ള ഗംഗ എക്‌സ്പ്രസ്‌വേയുടെ പണി ഉടനെ ആരംഭിക്കുമെന്നും അറിയിച്ചു. ഉത്തർപ്രദേശിലെ നീളം കൂടിയ എക്‌സ്പ്രസ്‌വേ മീററ്റിനെയും പ്രയാഗ്‌രാജിനെയും തമ്മിലാകും ബന്ധിപ്പിക്കുക.
Comments