മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ ഉദ്ധവ് പക്ഷത്തുളള എംഎൽഎമാർക്കെതിരെ നടപടി കടുപ്പിച്ച്് ഷിൻഡെ പക്ഷം. വിശ്വാസ വോട്ടെടുപ്പിൽ വിപ്പിന്റെ നിർദ്ദേശം ലംഘിച്ചതിന് മറുപടി തേടി ഷിൻഡെ വിഭാഗം നിയോഗിച്ച പാർട്ടി ചീഫ് വിപ്പ് ഭരത് ഗൊഗാവാലെ ഉദ്ധവിനൊപ്പം നിൽക്കുന്ന എംഎൽഎമാർക്ക് നോട്ടീസ് അയച്ചു.
ഉദ്ധവ് താക്കറെ അനുകൂലികളായ 14 എംഎൽഎമാർക്കാണ് നോട്ടീസ് അയച്ചത്. ഷിൻഡെ പക്ഷത്തെ ചീഫ് വിപ്പിനെ അംഗീകരിച്ച സ്പീക്കറുടെ നടപടിയുൾപ്പെടെ ഉദ്ധവ് പക്ഷം കോടതിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് നീക്കം. വിശ്വാസ വോട്ടെടുപ്പിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരത് ഗൊഗാവാലെ എല്ലാ ശിവസേന എംഎൽഎമാർക്കും വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചതിന്റെ പേരിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. വിപ്പ് ലംഘിക്കുന്നത് നിയമസഭാ ചട്ടങ്ങളിൽ ഗുരുതരമായ കുറ്റമാണ്.
വിശ്വാസവോട്ടെടുപ്പിൽ 99 നെതിരെ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. സുനിൽ പ്രഭുവിനെയാണ് ശിവസേനയുടെ ചീഫ് വിപ്പായി ഉദ്ധവ് പക്ഷം നിയോഗിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ എംഎൽഎമാർ തങ്ങൾക്കൊപ്പമാണെന്നും ഉദ്ധവ് പക്ഷമാണ് വിമതരെന്നുമാണ് ഷിൻഡെയുടെ വാദം. ഇതിന് കൂടുതൽ ബലം നൽകുന്നതിന് കൂടിയാണ് വിശ്വാസ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചതിന് വിശദീകരണം തേടിയത്. ഈ സാഹചര്യത്തിൽ ഇവരെ സസ്പെന്റ് ചെയ്യണമെന്ന് പാർട്ടി വിപ്പ് സ്പീക്കറോട് ആവശ്യപ്പെട്ടു.
എന്നാൽ ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണന വെച്ചാണ് ആദിത്യയ്‌ക്ക് നോട്ടീസ് നൽകാതിരുന്നത് എന്നാണ് വിശദീകരണം.
പാർട്ടി ചീഫ് വിപ്പിനെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച ബെഞ്ച്, വിഷയം ഹർജി ജൂലൈ 11ന് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
അതേസമയം ശിവസേനയെ തകർത്താനുള്ള ഗൂഢനീക്കങ്ങളാണ് ബിജെപി നടത്തുന്നത് എന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ ബിജെപി ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഉദ്ധവിന്റെ വെല്ലുവിളി. കുറച്ച് പേർ വ്യതിചലിച്ചുപോചയാൽ തകരുന്ന ഒരു സംഘടനയല്ല ശിവസേനയെന്ന് ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെ അറിയിച്ചു. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്‌ട്രയും തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങുമെന്നാണ് ആദിത്യ താക്കറെയുടെ പ്രഖ്യാപനം,
Comments