അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കൊഞ്ചിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ദ്രനീലത്തിന്റെ കാന്തിയുള്ള അതിമനോഹരിയെന്ന് കൊഞ്ചിന്റ സൗന്ദര്യത്തെ ഇന്റർനെറ്റ് ലോകം വാഴ്‌ത്തുകയാണ്. ഒരു മീൻപിടുത്തക്കാരന് തന്റെ പതിവ് ജോലിക്കിടെ കിട്ടിയ കൊഞ്ചാണ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയായത്.
ഇരുപത് ലക്ഷത്തിൽ ഒന്ന് മാത്രമേ ഇതുപോലെ സൃഷ്ടിക്കപ്പെടൂവെന്നാണ് വിലയിരുത്തൽ. യുഎസിലെ ലാഴ്‌സ് ജോഹന് സമീപം പോർട്ട്‌ലാൻഡ് സമുദ്രതീരത്ത് നിന്നാണ് ‘ബ്ലൂ ലോബ്‌സ്റ്ററിനെ’ കണ്ടെത്തിയത്. കൊഞ്ചിനെ കിട്ടിയ ലാഴ്‌സൺ എന്ന മീൻപിടുത്തക്കാരൻ ഇതിന്റെ ചിത്രം ഉടൻ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.
എന്നാൽ അത് ഇനിയും വളരേണ്ടതുണ്ടെന്നും അതിനാൽ കടലിലേക്ക് തന്നെ തിരികെ നിക്ഷേപിക്കുകയാണെന്നും ലാഴ്‌സൺ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തിരുന്നു. ഒറ്റദിവസം കൊണ്ട് തന്നെ അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് ലാഴ്‌സണിന്റെ ട്വീറ്റ് നേടിയത്.
നേരത്തെ സമാനസാഹചര്യത്തിൽ നീല കൊഞ്ചിനെ കണ്ടെത്തിയവരുടെ പ്രതികരണവും പോസ്റ്റിന് താഴെ വന്നു. 1993ൽ ഇത്തരത്തിൽ ഒരു നീല കൊഞ്ചിനെ ലഭിച്ചപ്പോൾ അതിനെ ഒരു അക്വേറിയത്തിലേക്ക് സംഭാവന ചെയ്തുവെന്നായിരുന്നു ഒരാളുടെ പ്രതികരണം. എന്നാൽ മറ്റൊരാൾ ലാഴ്‌സണെ പോലെ കടലിൽ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
Comments