എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ എന്താണ് സംഭവിക്കുക? എന്ത് നിസ്സാരമായ ചോദ്യം അല്ലേ? കുറ്റം ചെയ്തയാളെ പോലീസ് വന്ന് അറസ്റ്റ് ചെയ്യും, പിന്നീട് കോടതിയിൽ വിചാരണ ചെയ്ത് കുറ്റവാളിയെ പിടിച്ച് തടവിലാക്കും. സിമ്പിൾ. ചെയ്യുന്ന കുറ്റകൃത്യത്തിന് അനുസരിച്ചിരിക്കും തടവിലാക്കപ്പെടുന്നതിന്റെ ദൈർഘ്യം അല്ലേ? എന്നാൽ താൻ പോലും അറിയാത്ത കുറ്റത്തിന് ചിലപ്പോഴെങ്കിലും ചില നിരപരാധികൾ ബലിയാടാവാറുണ്ട്. അങ്ങനെയൊരു നിരപരാധിയെക്കുറിച്ചാണ് ഇന്നത്തെ കഥ. നമ്മുടെ കഥാനായകൻ ഒരു മനുഷ്യനല്ല എന്ന് ആദ്യമേ പറയട്ടേ? മനുഷ്യൻ അല്ലെങ്കിൽ പിന്നാര് എന്നല്ലേ? ഒരു പടുകൂറ്റൻ വൃക്ഷമാണ് ആ നിരപരാധിയായ തടവിലാക്കപ്പെട്ടയാൾ.
19 ാം നൂറ്റാണ്ട് മുതൽ തടവിലാക്കപ്പെട്ട ഒരു വൃക്ഷത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പാകിസ്താനിലെ ടോർഖാൻ അതിർത്തിക്കടുത്തുള്ള ലാൻഡി കോട്ടൽ എന്ന പട്ടണത്തിലെ ആർമി കന്റോണ്മെന്റിൽ സ്ഥിതി ചെയ്യുന്ന ഒരു ആൽമരമാണ് കഴിഞ്ഞ 120 വർഷമായി ചങ്ങലയിൽ ബന്ധിതനായി കഴിയുന്നത്. ഇത്രയധികം വർഷം ഈ മരം ഇങ്ങനെ തടവിലാക്കപ്പെട്ടതിന്റെ കാരണം എന്തെന്നല്ലേ?
1898 ൽ മദ്യലഹരിയിലായിരുന്ന ജെയിംസ് സ്ക്വിഡ് എന്ന ബ്രിട്ടീഷ് ഓഫീസർക്ക് തൊട്ടെടുത്ത് നിന്ന ഒരു മരം ആക്രമിക്കാൻ വരുന്നതായി അനുഭവപ്പെട്ടു. ഉടൻ തന്നെ ഇയാൾ കൂടെ നിന്ന കീഴുദ്യോഗസ്ഥരോട് ഈ മരം എന്നെ ആക്രമിക്കാൻ വരുന്നു അറസ്റ്റ് ഹിം എന്ന് പറഞ്ഞു. മേലുദ്യോഗസ്ഥൻ പറഞ്ഞതല്ലേ മുന്നും പിന്നും ആലോചിക്കാതെ കീഴുദ്യോഗസ്ഥർ ഓടി ചെന്ന് ആ മരത്തിനെ ചങ്ങലയ്ക്കിട്ടു. ആ മരമാണ് ഈ മരം.
മദ്യലഹരിയിലിരുന്ന ഓഫീസർക്കും ആജ്ഞ അനുസരിക്കേണ്ടി വന്ന ഉദ്യോഗസ്ഥർക്കും ബോധമില്ലാത്തത് പോട്ടേ. ഇത്രയും വർഷം മരത്തിനെ അറസ്റ്റ് ചെയ്ത് തടവിലിട്ട നാട്ടുകാരുടെ അവസ്ഥയോ? എന്നാവും ഇപ്പോൾ ചിന്ത അല്ലേ?
ഇങ്ങനെ മരത്തിൽ ചങ്ങലയിക്കിടുന്നതിന് നാട്ടുകാർക്കിടയിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകമായ ഈ മരത്തിനെ മോചിപ്പിക്കണമെന്ന അഭിപ്രായക്കാരാണ് ഒരു കൂട്ടർ. കാരണം മദ്യലഹരിയിലായിരുന്ന ബ്രീട്ടീഷ് ഉദ്യോഗസ്ഥന്റെ ഒരു മണ്ടൻ ആജ്ഞയായിരുന്നില്ല മരത്തിനെ ചങ്ങലയ്ക്കിട്ടതിന് പിറകിൽ. അതിന് മറ്റൊരു കാരണമുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ ശബ്ദമുയർത്തിയ ആ പ്രദേശത്തെ വനവാസികളായ ആളുകളെ ഭയപ്പെടുത്താനാണ് ഇങ്ങനെ മരത്തിനെ ചങ്ങലയ്ക്കിട്ടത്. ഞങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ ഈ മരത്തിന്റെ അവസ്ഥയാകും നിങ്ങളുടേതും എന്ന് ഓർമ്മപ്പെടുത്താനാണത്രേ? ഇത്.
എന്തൊരു കാഞ്ഞ ബുദ്ധി അല്ലേ? ഇത് ഇത് ചരിത്രത്തിന്റെ ഭാഗമാണ് സംരക്ഷിക്കപ്പെടേണ്ടതാണ് അത് കൊണ്ട് മരം എങ്ങനെയാണോ അങ്ങനെ തന്നെ തുടർന്നോട്ടെ എന്നാണ് മറ്റൊരു കൂട്ടത്തിന്റെ പക്ഷം. എന്തായാലും ഈ മരം കാരണം പാക് സർക്കാരിന് ഗുണം മാത്രമാണുള്ളത്. കാരണം എന്തെന്നല്ലേ? മരത്തെ ചുറ്റിപറ്റിയുള്ള വിചിത്ര കഥകൾ അറിഞ്ഞ് വിദേശികളടക്കം നിരവധി പേരാണ് ഈ മരം കാണാനെത്തുന്നത്. അത് കൊണ്ട് തന്നെ നല്ല വരുമാനം നൽകുന്ന ഒരു ടൂറിസ്റ്റ് ഏരിയ ആണിത്. ചില്ലറ തടയുന്ന കാര്യമല്ലേ മരം അത് കൊണ്ട് മരം അങ്ങനെ നിൽക്കട്ടേയെന്ന് പാക് ഭരണകൂടം തീരുമാനിച്ചു
Comments