ന്യൂഡൽഹി: ദേശീയ പതാകയെ അപമാനിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ‘ എന്ന കേന്ദ്ര സർക്കാർ പദ്ധതിയോടുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഫറൂഖ് അബ്ദുള്ള ദേശീയ പതാകയെ അപമാനിച്ചത്.
എല്ലാ വീടുകളിലും ത്രിവർണ പതാക ഉയരാൻ പോകുന്നു, എന്താണ് അങ്ങയുടെ അഭിപ്രായം എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. അത് നിങ്ങളുടെ വീട്ടിൽ ഉയർത്തിയാൽ മതി എന്നായിരുന്നു ക്ഷുഭിതനായി ഫറൂഖ് അബ്ദുള്ള നൽകിയ മറുപടി.
ജമ്മു കശ്മീരിന് നൽകി വന്നിരുന്ന പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഇത് മാത്രമാണ് പോംവഴിയെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പരിപാടിയാണ് ‘ഹർ ഘർ തിരംഗ‘. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 11 മുതൽ 17 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാരും സംഘടനകളും ഇതിൽ പങ്കാളികളാകണമെന്നും കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചു.
Comments