കോട്ടയം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രി പദം രാജി വെച്ച ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിആർപിസി 156/3 പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം. കൊച്ചി സ്വദേശിയായ ഹൈക്കോടതി അഭിഭാഷകന്റെ പരാതി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് സാംസ്‌കാരിക- ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജി വെച്ചത്. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിയെ കണ്ട് സജി ചെറിയാൻ രാജിക്കത്ത് കൈമാറുകയായിരുന്നു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇതോടെയാണ് രാജിവയ്‌ക്കാൻ മന്ത്രിയ്‌ക്ക് മേൽ സമ്മർദ്ദം ശക്തമായത്.
അതേസമയം, പരാമർശം പിൻവലിക്കാൻ സജി ചെറിയാൻ തയ്യാറായിട്ടില്ല. എം എൽ എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോടും പ്രതികരണം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജി തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആണ് സജി ചെറിയാൻ പറയുന്നത്. തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് ഉപയോഗിച്ചു എന്നാണ് സജി ചെറിയാൻ സ്വയം ന്യായീകരിക്കുന്നത്.
















Comments