ഗുവാഹത്തി : അസമിൽ കാലങ്ങളായി താമസിക്കുന്ന ന്യൂനപക്ഷ സമുദായക്കാർ അസമികളാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കാലങ്ങളായി സംസ്ഥാനത്ത് താമസിച്ചുവരുന്നവരെ തദ്ദേശീയരായി കണക്കാക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മുസ്ലീം വിഭാഗക്കാരെ തദ്ദേശീയരായി അംഗീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന മുഖ്യമന്ത്രി വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയത്.
ഗോറിയ, മോറിയ, ദേശി, ജൂല, സയ്യിദ് എന്നീ സമുദായക്കാർക്കാണ് അസം സർക്കാർ കഴിഞ്ഞ ദിവസം തദ്ദേശീയ പദവി നൽകിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ ഇതോടെ സർക്കാർ തിരഞ്ഞെടുത്തവരെ മാത്രമേ തദ്ദേശീയരായി കണക്കാക്കൂ എന്ന കുപ്രചാരണവും പ്രതിപക്ഷ പാർട്ടികൾ നടത്തി. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്.
അസമിൽ 100 വർഷത്തോളമായി താമസിക്കുന്ന ന്യൂനപക്ഷ സമുദായമാണ് കിലോഞ്ചിയ. മറ്റ് മുസ്ലീം സമുദായക്കാർ രാജ്യത്തേക്ക് കുടിയേറി വന്നതോടെ സ്വദേശി പദവി നഷ്ടപ്പെടുമോ എന്നവർ ഭയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അവർക്ക് തദ്ദേശീയ അംഗീകാരം നൽകിയത് എന്ന് ഹിമന്ത വ്യക്തമാക്കി. അസമിലെ മറ്റ് മുസ്ലീങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും സർക്കാർ ഒരിക്കലും അവരെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ് 30 ന് നടന്ന യോഗത്തിൽ, മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധമതം, ജൈനമതം, പാഴ്‌സി ഉൾപ്പെടെ ആറ് സമുദായക്കാർക്ക് ന്യൂനപക്ഷ സർട്ടിഫിക്കേറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരെ സഹായിക്കുന്നതിന് വേണ്ടിയാണ് നിർണായക നീക്കം.
Comments