ഇന്റർനെറ്റിനെ കീഴടക്കുകയാണ് മാസ്ക് ധരിച്ച ഒരു കുഞ്ഞ്. ഒരൊറ്റ ചിത്രം കൊണ്ട് വൈറലായ ഈ കുഞ്ഞ് ആരാണെന്നും ജനങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ന്യൂസിലാൻഡിൽ നിന്നുള്ളതായി കരുതപ്പെടുന്ന ഈ ചിത്രത്തിൽ ഒരു സ്ത്രീയുടെ തോളിൽ ഇരിക്കുന്ന കുഞ്ഞാണ് താരം. ‘മാസ്ക് ബേബി’യെന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ഈ കുഞ്ഞ് മാസ്ക് ധരിച്ച രീതിയാണ് ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കാരണമായത്.
ചിത്രത്തിലുള്ള കുഞ്ഞിന്റെ മാസ്കിൽ രണ്ട് ചെറിയ തുളകളുണ്ട്. ഈ ദ്വാരങ്ങളിലൂടെ കുഞ്ഞിന്റെ ഓമനകണ്ണുകൾ പുറത്തേക്ക് നോക്കുന്നത് കാണാം. മുതിർന്നവർ ധരിക്കുന്ന മാസ്ക് ആയതിനാൽ അത് കുഞ്ഞിന് വളരെ വലുതുമാണ്. അതുകൊണ്ട് മാസ്ക് വെച്ചതോടെ കുഞ്ഞിന്റെ മുഖം പൂർണമായും മറഞ്ഞു. ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വിമാനത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം.
കുഞ്ഞിന്റെ ഇരിപ്പും നോട്ടവും കണ്ട് ഇഷ്ടപ്പെട്ട സഹയാത്രികനാണ് ചിത്രം പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്. ഇതോടെ മാസ്ക് ബേബി വൈറലാകുകയായിരുന്നു. അതേസമയം നിരവധി വിമർശനങ്ങളും ഈ ചിത്രത്തിനെതിരെ ഉയരുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് ഇപ്രകാരം മാസ്ക് ധരിപ്പിക്കരുതെന്നും അവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുമെന്നുമാണ് ചിലരുടെ അഭിപ്രായം. പ്രതികരിക്കാൻ കഴിയാത്ത പ്രായമായതിനാൽ കുഞ്ഞിനെ ചൂഷണം ചെയ്യുകയാണ് അമ്മയെന്നും വിമർശനമുണ്ട്. എന്നാൽ കുഞ്ഞോമനയെ പുകഴ്ത്തുന്നവരാണ് ഭൂരിഭാഗമാളുകളും.
Comments