മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിഭാഗം വിശ്വാസ വോട്ട് നേടി കരുത്ത് തെളിയിച്ചതോടെ പുതിയ ചിഹ്നം അന്വേഷിക്കുന്ന തിരക്കിലാണ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയെന്ന് വിവരം. പുതിയ ചിഹ്നം കണ്ടെത്താനും നിർദ്ദേശിക്കാനും തന്റെ അടുത്തവൃത്തങ്ങളോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടതായാണ് വിവരം. പാർട്ടി കൈവിട്ട് പോയെന്ന വിലയിരുത്തലിലാണ് തിരക്കിട്ട ഈ നീക്കം. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് നഷ്ടപ്പെട്ടാൽ പുതിയ ചിഹ്നം വെച്ച് വ്യാപക പ്രചാരണം നടത്തണമെന്നും നിർദ്ദേശമുണ്ടെന്നാണ് വിവരം.
അതേസമയം ശിവസേനയുടെ ചിഹ്നത്തെച്ചൊല്ലി ഉദ്ധവ് പക്ഷവും ഏക്നാഥ് ഷിൻഡെ വിഭാഗവും തമ്മിൽ തർക്കവും രൂക്ഷമാണ്.
പാർട്ടി ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മഹാ വികാസ് അഘാഡി സർക്കാരിലെ മന്ത്രിയായിരുന്ന ഗുലാബ് റാവു പാട്ടീൽ അവകാശപ്പെട്ടു. ഇപ്പോൾ ഷിൻഡെ പക്ഷത്താണ് പാട്ടീൽ.
അതേസമയം ഉദ്ധവ് പക്ഷത്തുള്ള ലോക്സഭാ എംപിയായ വിനായക് റാവത്ത് ഷിൻഡെ വിഭാഗത്തെ വെല്ലുവിളിച്ചു. പാർട്ടിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചവർ സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നേരിടാൻ തയ്യറാകണം എന്നും ആവശ്യപ്പെട്ടു. ബാലാസാഹേബ് താക്കറെ സൃഷ്ടിച്ച പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാൻ ഇവർക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments