പറവൂർ: അണലിയുടെ കടിയേറ്റ വ്യക്തിയ്ക്ക് നഷ്ടപരിഹാരം നൽകി ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റി. 70,000 രൂപയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായിരിക്കുന്നത്. നായരമ്പലം മേടക്കൽ വീട്ടിൽ പ്രകാശന്റെ മകൻ അതുലിനാണ് പാമ്പ് കടിയേറ്റത്. വനം വകുപ്പാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.
2019 ജൂൺ 30 ന് വീട്ടുമുറ്റത്ത് വെച്ചാണ് അതുലിന് അണലി കടിയേൽക്കുന്നത്. പതിനഞ്ച് ദിവസത്തോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് മലയാറ്റൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കക്ഷിചേർത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയ്ക്ക് മുമ്പാകെ ഇവർ ഹർജി നൽകുകയായിരുന്നു. തെളിവായി ചികിത്സാ രേഖകളും ആശുപത്രി ബില്ലുകളും ഹാജരാക്കി.
ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണൻ, അഡ്വ.ലൈജോ പി ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് പരാതി പരിഗണിച്ചത്. വിധിയ്ക്ക് പിന്നാലെ 70,000 രൂപ നഷ്ടപരിഹാരം നൽകാൻ വനം വകുപ്പും സമ്മതിച്ചു. വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഫണ്ടിൽ നിന്നാണ് വനം വകുപ്പ് തുക കൈമാറുക.
Comments