ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവയ്ക്കെതിരെ വീണ്ടും ആരോപണം. തന്റെ ജീവിതമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസ് കുരുവിനാക്കുന്നേൽ എന്ന വ്യക്തി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് വീണ്ടും ആരോപണവുമായി അദ്ദേഹത്തിന്റെ കൊച്ചുമകൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കും അണിയറപ്രവർത്തകർക്കും എതിരെയാണ് ഇയാൾ ആരോപണം ഉന്നയിക്കുന്നത്.
കടുവ എന്ന സിനിമയുടെ കഥ ജിനു എബ്രഹാമിന്റെ സൃഷ്ടിയല്ലെന്നും പാലായിലെ മുൻ തലമുറയിലെ മിക്കവർക്കും അറിയാവുന്ന ഒരു കഥയാണിതെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചിത്രത്തിലെ ഒാരോ കഥാപാത്രവും യഥാർത്ഥ ജീവിതത്തിൽ ഉണ്ടെന്നും ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങൾ പോലും സാമ്യതയുള്ളതാണെന്നും ജോസ് കുരുവിനാക്കുന്നേലിന്റെ ചെറുമകൻ ചൂണ്ടിക്കാട്ടുന്നു. ജോസ് കുരുവിനാകുന്നേൽ ഇതിന് ആദ്യത്തെ ഇരയല്ലെന്ന് തനിക്ക് ഉറപ്പാണ്. മലയാള സിനിമാ വ്യവസായം സാധാരണക്കാരെ ചൂഷണം ചെയ്യുകയും പണവും പ്രശസ്തിയും ഉണ്ടാക്കുന്നത് കാണുമ്പോൾ ദേഷ്യവും സങ്കടവും തോന്നുന്നു. പൃഥ്വിരാജിനോടും മറ്റ് അണിയറപ്രവർത്തകരോടും ലജ്ജ തോന്നുന്നു എന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ
‘ എന്റെ മുത്തച്ഛൻ ഇടമറ്റം പാലായിലെ ജോസ് കുരുവിനാക്കുന്നേലിന്റെ (കുരുവിനാക്കുന്നേൽ കുറുവച്ചൻ) പഴയ വീരഗാഥ ഇപ്പോൾ ബിഗ് സ്ക്രീനുകളിൽ പൃഥ്വിരാജ് കുറുവച്ചനായി (പിന്നീട് കുരിയച്ചൻ ആയി മാറി) അഭിനയിച്ചിരിക്കുന്നു. അവർ അവകാശപ്പെടുന്ന തിരക്കഥ ജിനു എബ്രഹാമിന്റെ സൃഷ്ടിയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല. പാലായിലെ മുൻ തലമുറയിലെ മിക്കവർക്കും അറിയാവുന്ന ഒരു കഥയാണിത്. സിനിമ തന്റെ ജീവിതത്തിന്റെ ആൾമാറാട്ടമാണെന്ന് തെളിയിക്കാനുള്ള എല്ലാ നിയമപരമായ ശ്രമങ്ങളും പാഴായി. ഇനിയും പോരാട്ടം തുടരാൻ കഴിയാത്ത വിധം ദുർബലനാണ് അദ്ദേഹം.
ഞാൻ ഇന്നലെ സിനിമ കണ്ടിരുന്നു. സംവിധായകനും തിരക്കഥാകൃത്തുക്കളും ഉൾപ്പെടുന്ന സിനിമയുടെ അണിയറപ്രവർത്തകർ അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. വർഷങ്ങളോളം അദ്ദേഹവും കുടുംബവും ചെയ്യാത്ത കുറ്റത്തിന് പൊലീസിന്റെ പീഡനങ്ങൾ അനുഭവിച്ചു. മുൻ ഐജിയായിരുന്ന അന്തരിച്ച ജോസഫ് തോമസ് വട്ടവയലിൽ (സിനിമയിൽ ജോസഫ് ചാണ്ടി)ആയിരുന്നു അതിന് പിന്നിൽ. ഈ അടിച്ചമർത്തൽ ആരംഭിക്കുമ്പോൾ എന്റെ അമ്മ ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുവന്നു. സഹോദരങ്ങൾക്ക് വളരെ ചെറിയ പ്രായവും.മകളുടെ ചരമവാർഷിക ദിനത്തിൽ ഐജി പള്ളിയ്ക്ക് കീ ബോർഡ് സമ്മാനിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങുന്നത്. അയാൾ ഞങ്ങളുടെ ബാർ പലതവണ അടിച്ചുതകർക്കുകയും തോട്ടങ്ങൾ നശിപ്പിക്കുകയും ചെയ്തു. വീടിന് പിന്നിലെ സ്ഥലം വാങ്ങി ശ്മശാനമാക്കി. ആക്രമിക്കാൻ ഗുണ്ടകളെ ഏൽപ്പിച്ചു. മുൻകൂർ അറിയിപ്പ് കൂടാതെ തോക്ക് ലൈസൻസ് റദ്ദാക്കി.
എന്റെ മുത്തച്ഛനെ ജയിലിലടച്ചു.ജോസ് കുരുവിനാകുന്നേലിന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടു. ഇത് പല ഘട്ടങ്ങളിൽ ജീവിതത്തിന്റെ താളം തെറ്റിച്ചു. സിനിമയുടെ 50 ശതമാനത്തിലധികം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആൾമാറാട്ടമാണ്. മലയാള സിനിമാ വ്യവസായം സാധാരണക്കാരെ ചൂഷണം ചെയ്യുകയും പണവും പ്രശസ്തിയും ഉണ്ടാക്കുന്നത് കാണുമ്പോൾ ദേഷ്യവും സങ്കടവും തോന്നുന്നു. എന്റെ മുത്തച്ഛൻ ജോസ് കുരുവിനാകുന്നേൽ ആദ്യത്തെ ഇരയല്ലെന്ന് എനിക്ക് ഉറപ്പാണ്. പൃഥ്വിരാജിനോടും ടീമിനോടും ലജ്ജ തോന്നുന്നു.സിനിമയിലെ കഥാപാത്രങ്ങൾ വളരെ യഥാർത്ഥമാണ്. കുരിയച്ചൻ (ജോസ് കുരുവിനാകുന്നേൽ), ജോസഫ് ചാണ്ടി (ജോസഫ് തോമസ് വട്ടവയലിൽ), വർക്കി സർ(മാത്യൂസ് സാർ), കോറ വക്കീൽ (തോമസ്), ബേസിൽ (സാബു ജോർജ്ജ്) തുടങ്ങിയവർ. സിനിമയിൽ മരിയ എന്നിട്ടിരിക്കുന്ന ബാറിന്റെ പേര് മയൂര എന്നാണ്. സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു കറുത്ത അംബാസഡറും ഒരു മെഴ്സിഡസ് ബെൻസ് 123 ഉം അദ്ദേഹത്തിനുണ്ട്’.
Comments