ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കുമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി നേതാവ് ശിവ്പാൽ സിംഗ് യാദവ്. എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷണിച്ചുവെന്നും അവർക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചുവെന്നും ശിവ്പാൽ സിംഗ് യാദവ് അറിയിച്ചു.
പ്രതിപക്ഷ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്‌വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരെ രൂക്ഷവിമർശനവും ശിവ്പാൽ സിംഗ് യാദവ് ഉന്നയിച്ചു. എസ്പിയുടെ നിരവധി സഖ്യങ്ങൾ അവരെ വിട്ടുപോകുന്നു. അഖിലേഷ് യാദവിന്റെ രാഷ്ട്രീയ അപക്വത മൂലം സമാജ്വാദി പാർട്ടി ദുർബലമാവുകയാണെന്നും തന്മൂലമാണ് നിരവധി നേതാക്കൾ എസ്പി വിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ജെഡിഎൽ നേതാവ് രഘുരാജ് പ്രതാപ് സിംഗും എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ കാലത്ത് ദ്രൗപദി മുർമുവിനെ പോലെയൊരാളെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുക എന്നത് സുപ്രധാനമായ കാര്യമാണ്. അതുകൊണ്ടാണ് ബിജെപി കൂടാതെയുള്ള രാഷ്‌ട്രീയ പാർട്ടികൾ മുർമുവിനെ പിന്തുണയ്‌ക്കുന്നത്. അതിനാൽ ജെഡിഎല്ലിന്റെ (ജൻസതാ ദൾ ലോക് താന്ത്രിക്) എല്ലാ എംഎൽഎമാരും ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കുമെന്നും രഘുരാജ് പ്രതാപ് സിംഗ് അറിയിച്ചു.
Comments