ശ്രീനഗർ: ജമ്മു കശ്മീരിൽ ശിവ ക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം അടിച്ചുതകർത്തു. കത്വ ജില്ലയിലെ മഹൻപൂരിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി.
ബക്രീദ് ദിനത്തിലായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 295 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് ജമ്മു കശ്മീരിൽ ക്ഷേത്രം ആക്രമിക്കപ്പെടുന്നത്. തുടർച്ചയായുണ്ടാകുന്ന ക്ഷേത്ര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ബിഹാനിചൗക്കിൽ പ്രതിഷേധം നടത്തി. റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ഏകദേശം 5000 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ തങ്ങൾക്ക് ഉറപ്പ് നൽകിയിരിക്കുന്നതെന്ന് മഹൻപൂർ സർപഞ്ച് പറഞ്ഞു. കുറ്റക്കാരെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments