ന്യൂഡൽഹി: മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന് സുപ്രധാന ദേശീയ രഹസ്യങ്ങൾ ചോർത്തി നൽകി എന്ന ആരോപണത്തിന്റെ വെളിച്ചത്തിൽ, പാർട്ടിയുടെ ഭീകരവിരുദ്ധ നിലപാട് വിശദീകരിക്കണമെന്ന് കോൺഗ്രസിനോട് ബിജെപി. പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസയുടെ വെളിപ്പെടുത്തലുകൾ ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
2005- 2011 കാലഘട്ടത്തിൽ ഹമീദ് അൻസാരി നുസ്രത് മിർസയെ അഞ്ച് തവണ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇക്കാലയളവിൽ സുപ്രധാനവും രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടുന്നതുമായ വിവരങ്ങൾ അൻസാരി മിർസയുമായി പങ്കു വെച്ചു. ഉപരാഷ്‌ട്രപതി പദം ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ള ഒന്നാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ ഹൈമീദ് അൻസാരി കൈകാര്യം ചെയ്തിരുന്നത് ഇന്ത്യൻ ഭരണഘടന നൽകിയ അധികാരം ഉപയോഗിച്ചാണ്. ഗൗരവ് ഭാട്ടിയ കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.
ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഹമീദ് അൻസാരി കൈമാറിയ വിവരങ്ങൾ പാക് ചാര സംഘടനയായ ഐ എസ് ഐ ഉപയോഗിച്ചിരിക്കാം. രാജ്യം ഭീകരതയ്‌ക്കെതിരായ പ്രഖ്യാപിതമായ നിലപാടിനെ പിന്തുടരുമ്പോൾ കോൺഗ്രസ് സർക്കാർ ദേശസുരക്ഷയിൽ മായം ചേർത്തു. ഗൗരവ് ഭാട്ടിയ പറഞ്ഞു.
അൻസാരിയെ രാജ്യം ബഹുമാനിച്ചിരുന്നു. എന്നാൽ, മറുപടിയായി അദ്ദേഹം എന്താണ് നൽകിയത്? ഭീകരവാദത്തിന് കുപ്രസിദ്ധി നേടിയ ഒരു രാജ്യത്ത് നിന്നും ഒരാളെ രാജ്യത്തേക്ക് ക്ഷണിച്ചു കൊണ്ട് വന്ന് ഭീകരവിരുദ്ധ പ്രഭാഷണം നടത്തിച്ച് രാജ്യതാത്പര്യത്തെ പരിഹസിച്ചു. ഇക്കാര്യങ്ങളിൽ കോൺഗ്രസും ഹമീദ് അൻസാരിയും വിശദീകരണം നൽകണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടു.
തന്നെ ഹമീദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നും കഴിഞ്ഞ ദിവസം നുസ്രത് മിർസ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു. നേരത്തേ, പോപ്പുലർ ഫ്രണ്ട് വേദിയിൽ ഹമീദ് അൻസാരി പ്രസംഗിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉയർത്തിക്കാട്ടി, രാഷ്‌ട്രപതി- ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾക്ക് മുൻപ് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയാണ് ബിജെപി.
Comments