ഹിന്ദുക്കൾ മുപ്പത്തി മൂന്ന് കോടി ദേവതകളെ ആരാധിക്കുന്നുണ്ടോ? വാസ്തവം ഇതാണ്- Fact about Hindus worshipping 33 Crore Gods

Published by
Janam Web Desk

ബഹുദൈവാരാധനയുടെ പേരിൽ സെമറ്റിക് മതങ്ങളും, അവരുടെ സമാന്തരമായ വീക്ഷണം പിന്തുടരുന്ന അഭിനവ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകാരും നിരന്തരം ആക്ഷേപിക്കുന്ന വിഭാഗമാണ് ഹിന്ദുക്കൾ. മുപ്പത്തി മുക്കോടി ദേവതകൾ എന്ന ഹൈന്ദവ സങ്കൽപ്പമാണ് ഈ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ആധാരം. എന്നാൽ മുപ്പത്തി മുക്കോടി ദേവതകൾ എന്ന സങ്കൽപ്പത്തെ പല ഹൈന്ദവ ഗ്രന്ഥങ്ങളും കൃത്യമായി വിശദീകരിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. പരബ്രഹ്മ- പരമാത്മ സാരം ഏകദൈവ പദ്ധതിയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത് എന്ന് ആചാര്യന്മാർ സ്ഥാപിക്കുന്നു.

മുപ്പത്തി മുക്കോടി ദേവതകൾ എന്ന സംജ്ഞയെ പല കാലങ്ങളിലും ആചാര്യന്മാർ പല തരത്തിലാണ് വിശദീകരിച്ചിരിക്കുന്നത്. ഇവയിൽ സാമാന്യമായി സ്വീകരിക്കപ്പെട്ടിരിക്കുന്ന വിശദീകരണങ്ങൾ വിരൽ ചൂണ്ടുന്നത് വേദാധിഷ്ഠിതമായ ഒരു പൊതു തത്വത്തിലേക്കാണ്.

മുപ്പത്തി മൂന്ന് കോടി എന്നതിനെ ഒരു സംഖ്യയായി പരിഗണിക്കുന്നതാണ് തെറ്റിദ്ധാരണയ്‌ക്ക് കാരണമാകുന്നത്. ‘കോടി‘ എന്ന പദം തരം എന്ന അർത്ഥത്തിലാണ് വ്യാഖ്യാനങ്ങളിൽ വിവക്ഷിക്കപ്പെടുന്നത്. മുപ്പത്തി മൂന്ന് കോടി എന്നതിനെ സാമാന്യ അർത്ഥത്തിൽ എടുത്താൽ മുപ്പത്തി മൂന്ന് തരം ദേവതകൾ എന്ന ലളിതമായ വിശദീകരണമാണ് ലഭിക്കുക.

വേദങ്ങൾ പ്രകാരം, 33 തരം ദേവതകളെയാണ് ഹൈന്ദവർ ആരാധിക്കുന്നത്. 12 ആദിത്യന്മാരും 11 രുദ്രന്മാരും അഷ്ടവസുക്കളും ഇന്ദ്രനും പ്രജാപതിയുമാണ് ആ ദേവതകൾ. 12 സൗര മാസങ്ങളും സാമൂഹ്യ ജിവിതത്തിലെ 12 തലങ്ങളുമാണ് ആദിത്യന്മാർ. പ്രകൃതിയുടെ വ്യത്യസ്ത തലങ്ങളെ ദ്യോതിപ്പിക്കുന്ന 8 മൂല ദേവതകളാണ് അഷ്ടവസുക്കൾ.

11 രുദ്രന്മാർ എന്നാൽ 5 അമൂർത്തീഭാവങ്ങളും മഹാദേവന്റെ 5 ഭാവങ്ങളും ഏകാത്മ സങ്കൽപ്പവുമാണ് എന്ന് ആചാര്യന്മാർ വിശദീകരിക്കുന്നു. ഇപ്രകാരം ആരാധിക്കപ്പെടുന്ന 33 ദേവതകളാണ് മുപ്പത്തി മുക്കോടി ദേവതകൾ.

ഭാരതീയ സനാതന സംസ്കൃതിയെ വികലമാക്കാൻ ആവത് ശ്രമിച്ച പാശ്ചാത്യ ദാർശനികന്മാർ, തെറ്റായി വ്യാഖ്യാനിച്ച ‘കോടി‘ എന്ന പദമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന അബദ്ധം എന്നാണ് ദൈവജ്ഞർ വിശദീകരിക്കുന്നത്.

ബ്രഹദാരണ്യകോപനിഷത്തിൽ ഒൻപതാം ബ്രാഹ്മണത്തിൽ യാജ്ഞവൽക്യ മഹർഷിയോട് ശാകല്യൻ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മഹർഷി നൽകുന്ന ഉത്തരങ്ങളിലും ‘മുപ്പത്തി മുക്കോടി‘ ദേവതകളുടെ സാരം വിശദീകരിക്കുന്നുണ്ട്. രുദ്രന്മാരുടെയും ആദിത്യന്മാരുടെയും വസുക്കളുടെയും ഇന്ദ്രന്റെയും പ്രജാപതിയുടെയും അസ്തിത്വം എന്ന സങ്കീർണ്ണത മഹർഷി സരളമായി പ്രതിപാദിക്കുന്നു.

വ്യവസ്ഥാപിത വ്യാഖ്യാനങ്ങൾ താരതമ്യം ചെയ്യുമ്പോൾ പലതിലും നേരിയ വ്യത്യാസങ്ങൾ പ്രകടമാണ്. ഭൂമി, അഗ്നി, ഊർജ്ജം, അന്ന- പ്രാണ സങ്കൽപ്പം എന്നിവയും ഈ ആശയവുമായി ചേർത്തു വെച്ചാണ് മിക്ക വ്യാഖ്യാതാക്കളും രചനകൾ നടത്തിയിരിക്കുന്നത്. ഇത് സനാതന ബഹുസ്വരതയുടെ നിദാനമാണ് എന്നും ആചാര്യന്മാർ നിരീക്ഷിക്കുന്നു.

Share
Leave a Comment