ഇടുക്കി: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ.കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. അപകടസമയത്ത് ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ഇതിനിടെ മൂന്നാർ ദേവികുളം ഗ്യാപ്പ് റോഡിലും മണ്ണിടിച്ചിലുണ്ടായി. ഇതോടെ റോഡിൽ ഗതാഗതം തടസപ്പെട്ടു. മണ്ണും പാറക്കല്ലുമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇത് ആറാം തവണയാണ് പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഗ്യാപ്പ് റോഡ് വഴിയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതുവഴിയെത്തിയ വാഹനങ്ങളും തിരിച്ചുവിട്ടു.
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കി ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി – ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ കല്ലാർകുട്ടി, പാമ്പ്ള ഡാമുകളിൽ നിന്നും ജലം ഒഴുക്കിവിടുമെന്നും മുന്നറിയിപ്പുണ്ട്.
Comments