കണ്ണൂർ : വളപ്പട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ കുറ്റവാളികൾക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. എൻഐഎ കോടതി ഇന്ന് ഉച്ചക്ക് 2.30 ന് വിധി പ്രസ്താവിക്കും.
തീവ്രവാദ സംഘടനയായ ഐഎസിലേക്ക് കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്നും സിറിയയിലേക്ക് പോകാൻ ശ്രമിച്ചെന്നുമാണ് കേസ്. കണ്ണൂരിൽ നിന്ന് 15 പേരെയാണ് ഇവർ ഐഎസിൽ ചേർത്തത്. കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
അതേസമയം ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5 വർഷമായി ജയിലിലാണെന്നും തീവ്രവാദ ചിന്താഗതി പൂർണമായും ഉപേക്ഷിച്ചെന്നും പ്രതി ഹംസ കോടതിയോട് പറഞ്ഞു. ഐഎസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. അത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടതിൽ പശ്ചാത്താപമുണ്ട്. എല്ലാ മനുഷ്യരേയും ഒരു പോലെ കാണുമെന്നാണ് ഇളവ് അപേക്ഷിച്ചുകൊണ്ട് ഹംസ പറഞ്ഞത്. അതേസമയം, പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, പ്രതികളെ പരമാവധി ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
Comments