ന്യൂഡൽഹി: പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസയെ അറിയില്ല എന്ന മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുടെ പ്രസ്താവന കളവാണെന്ന് ബിജെപി. നുസ്രത് മിർസയുമായി ഹാമിദ് അൻസാരി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടു. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലായി.
നുസ്രത് മിർസ എന്ന മാദ്ധ്യമ പ്രവർത്തകനെ താൻ കണ്ടിട്ടേയില്ലെന്നും, അയാളെ അറിയുകയേ ഇല്ലെന്നുമായിരുന്നു ഹാമിദ് അൻസാരിയുടെ പ്രസ്താവന. മാദ്ധ്യമങ്ങളും ബിജെപിയുമാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും ഹാമിദ് അൻസാരി വ്യക്തമാക്കിയിരുന്നു. വിദേശ പ്രതിനിധികളെ ഉപരാഷ്‌ട്രപതി രാജ്യത്തേക്ക് ക്ഷണിക്കുന്നത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും ഹാമിദ് അൻസാരി വിശദീകരിച്ചിരുന്നു. ഇത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.
തന്നെ ഹാമിദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നുമായിരുന്നു നുസ്രത് മിർസയുടെ വെളിപ്പെടുത്തൽ. അതിസങ്കീർണ്ണവും തന്ത്രപ്രധാനവുമായ വിവരങ്ങൾ നുസ്രത് മിർസയിലൂടെ പാകിസ്താൻ ചാര സംഘടനയായ ഐ എസ് ഐ ചോർത്തിയെടുത്തു എന്നും വാർത്തകൾ വന്നിരുന്നു.
2009ൽ ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ ഹാമിദ് അൻസാരിക്കൊപ്പം നുസ്രത് മിർസ പങ്കെടുക്കുന്ന ചിത്രമാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പുറത്തു വിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ, പാർട്ടിയുടെ ഭീകരവിരുദ്ധ നിലപാട് വിശദീകരിക്കണമെന്ന് കോൺഗ്രസിനോട് ബിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടു. ഭീകരവാദത്തിന് കുപ്രസിദ്ധി നേടിയ ഒരു രാജ്യത്ത് നിന്നും ഒരാളെ രാജ്യത്തേക്ക് ക്ഷണിച്ചു കൊണ്ട് വന്ന് ഭീകരവിരുദ്ധ പ്രഭാഷണം നടത്തിച്ച് രാജ്യതാത്പര്യത്തെ പരിഹസിക്കുകയാണ് അൻസാരി ചെയ്തത് എന്ന് ബിജെപി വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ കോൺഗ്രസും ഹാമിദ് അൻസാരിയും വിശദീകരണം നൽകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
Comments