ലക്‌നൗ: രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണച്ച എസ്പിയുടെ നടപടിയെ ചോദ്യം ചെയ്ത് ബിജെപി. സമാജ് വാദി മുതിർന്ന നേതാവും പാർട്ടിയുടെ തലവനുമായിരുന്ന മുലായം സിംഗ് യാദവിനെക്കുറിച്ച് യശ്വന്ത് സിൻഹ നേരത്തെ നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങൾ ബിജെപി ഓർമ്മിപ്പിച്ചു.
പാകിസ്താന്റെ ചാര ഏജൻസിയായ ഐഎസ്‌ഐയുടെ ഏജന്റാണ് മുലായം സിംഗ് യാദവ് എന്ന് മുമ്പൊരിക്കൽ യശ്വന്ത് സിൻഹ പ്രസ്താവിച്ചിരുന്നു. ഇതിന്റെ പഴയ പത്രവാർത്താ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥകും എസ്പിയുടെ നടപടിയെ ചോദ്യം ചെയ്തു.
രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിങ്ങൾ പിന്തുണയ്‌ക്കുന്ന വ്യക്തി മുമ്പ് മുലായം സിംഗ് യാദവിന്റെ കാര്യത്തിൽ നടത്തിയ പ്രസ്താവനയെക്കുറിച്ച് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് എന്താണിപ്പോൾ പറയാനുള്ളതെന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ ചോദ്യം.
മുലായം സിംഗ് യാദവിനെ ഐഎസ്‌ഐ ഏജന്റാണെന്ന് വിളിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച അഖിലേഷ് യാദവ് വീണ്ടും എസ്പിയുടെ ‘സംസ്‌കാരം’ സംസ്ഥാനത്തിന് മുന്നിൽ അവതരിപ്പിച്ചുവെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണയ്‌ക്കുകയാണെന്ന് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് അറിയിച്ചപ്പോൾ ഗോത്രവർഗത്തിലുള്ള സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരമാണെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി. ജൂലൈ 18-നാണ് നിർണ്ണായകമായ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments