ലഖ്നൗ: ചിത്രകൂടിനെ ആഗ്ര- ലഖ്നൗ എക്സ്പ്രസ് പാതയുമായി ബന്ധിപ്പിക്കുന്ന ബുന്ദേൽഖണ്ഡ് നാല് വരി എക്സ്പ്രസ് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2020 ഫെബ്രുവരിയിൽ തറക്കല്ലിട്ട പദ്ധതി കൊറോണ പ്രതിസന്ധിയെ മറികടന്ന് രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
സൗജന്യങ്ങൾ നൽകി അധികാരം നേടുന്ന രാഷ്ട്രീയ പാർട്ടികളെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പരിഹസിച്ചു. ഇത്തരം ജീർണ്ണിച്ച രാഷ്ട്രീയ സംസ്കാരത്തെ വികസന രാഷ്ട്രീയം കൊണ്ട് നേരിടണം. ഇത്തരം രാഷ്ട്രീയ സംസ്കാരത്തെ ജനാധിപത്യത്തിൽ നിന്നും തൂത്തെറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൗജന്യങ്ങൾ നൽകി അധികാരം നേടുന്നത് രാജ്യത്തിന്റെ വികസനത്തിന് തടസ്സമാണ്. സൗജന്യങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നവർക്ക് പുതിയ വിമാനത്താവളങ്ങളോ എക്സ്പ്രസ് വേകളോ പ്രതിരോധ ഇടനാഴികളോ നിർമ്മിക്കാൻ സാധിക്കില്ല. ഇത്തരം ജീർണ്ണിച്ച സംസ്കാരങ്ങളെ നമ്മൾ ഒരുമിച്ച് എതിർത്ത് തോൽപ്പിക്കണം. രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ നിന്നും ഇത്തരം സംസ്കാരത്തെ തൂത്തെറിയണം. പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഡബിൾ എഞ്ചിൻ ബിജെപി സർക്കാരുകൾ സൗജന്യങ്ങൾ നൽകി ജനങ്ങളെ പറ്റിക്കാൻ തയ്യാറല്ല. രാജ്യത്തിന്റെ ഭാവിയെ മുന്നിൽ കണ്ട് കഠിനാദ്ധ്വാനം ചെയ്യുക എന്ന വികസനാധിഷ്ഠിത രാഷ്ട്രീയത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വിഘാതമായി നിൽക്കുന്ന എന്തിനെയും എതിർത്ത് തോൽപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
Comments