ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യം അസ്ഥിരപ്പെടുത്താനും വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് വൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തൽ. ടീസ്തയുടെ മുൻ അനുയായി റയീസ് ഖാൻ പഠാൻ നടത്തിയ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. 2002ലെ ഗോധ്രാനന്തര കലാപത്തിലെ ഇടപെടലിന് കോൺഗ്രസ് ടീസ്തയ്‌ക്ക് 30 ലക്ഷം രൂപ നൽകിയെന്നാണ് വെളിപ്പെടുത്തൽ.
കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേശകനുമായിരുന്ന അഹമ്മദ് പട്ടേലാണ് ടീസ്തയ്‌ക്ക് പണം നൽകിയത്. ആദ്യ ഗഡുവായി 5 ലക്ഷവും പിന്നീട് പലപ്പോഴായി, ഗൂഢാലോചനയുടെ പുരോഗതി അനുസരിച്ച് ബാക്കി പണവും നൽകി എന്നാണ് വെളിപ്പെടുത്തൽ.
അയോദ്ധ്യയിലെ തർക്ക മന്ദിരവുമായി ബന്ധപ്പെട്ട കലാപത്തിലെ ടീസ്തയുടെ ഇടപെടലിനെ അഹമ്മദ് പട്ടേൽ അഭിനന്ദിച്ചു. തുടർന്നാണ് ഗോധ്രാനന്തര കലാപത്തിലെ ഇടപെടലിന് പണം നൽകിയത് എന്നാണ് പഠാന്റെ വെളിപ്പെടുത്തൽ.
വെളിപ്പെടുത്തൽ വിവാദമായതോടെ സോണിയ ഗാന്ധിക്കെതിരെ ബിജെപി വിമർശനം കടുപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ, ഗോധ്രാനന്തര കലാപ ഗൂഢാലോചനയുടെ സൂത്രധാര എന്ന് ബിജെപി സോണിയയെ വിശേഷിപ്പിച്ചു. അഹമ്മദ് പട്ടേലിനെ ഉപയോഗിച്ച് സോണിയ ഗുജറാത്തിന്റെ അഭിമാനത്തിന് കളങ്കം വരുത്തിയതായി ബിജെപി ആരോപിച്ചു.
അഹമ്മദ് പട്ടേൽ വെറും ഒരു ഉപകരണം മാത്രമായിരുന്നു. അയാളെ മുന്നിൽ നിർത്തി എല്ലാം നടപ്പിലാക്കിയത് സോണിയ ആയിരുന്നു. അഹമ്മദ് പട്ടേലിനെ ഉപയോഗിച്ച് സോണിയ നരേന്ദ്ര മോദിയെ രാഷ്‌ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
പണം മാത്രം മുന്നിൽക്കണ്ടല്ല ടീസ്ത ഇതൊക്കെ ചെയ്തത്. ഗുജറാത്തിലെ മോദി സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരപരാധികളെ വേട്ടയാടാൻ അവർ പദ്ധതി തയ്യാറാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അതീവ ഗുരുതരമാണെന്നും സംബിത് പത്ര ചൂണ്ടിക്കാട്ടി.
ടീസ്ത സെതൽവാദ് ചെയ്ത പ്രവൃത്തികൾ സോണിയ ഗാന്ധിക്ക് തൃപ്തികരമായിരുന്നു. അതിനുള്ള പ്രതിഫലമായാണ് സോണിയ ടീസ്തയ്‌ക്ക് 2007ൽ പദ്മശ്രീ നൽകിയത്. സോണിയയുടെ ദേശീയ ഉപദേശക സമിതിയിലും ടീസ്തയെ അംഗമാക്കി. സംബിത് പത്ര വ്യക്തമാക്കി.
ഈ വിഷയത്തിൽ സോണിയ ഗാന്ധി മറുപടി പറഞ്ഞേ മതിയാകൂ. അതിന് അവർ വാർത്താ സമ്മേളനം വിളിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യണം. നരേന്ദ്ര മോദിക്കെതിരെ എന്തിന് ഗൂഢാലോചന നടത്തി എന്ന് അവർ രാജ്യത്തോട് പറയാൻ തയ്യാറാകണം. സംബിത് പത്ര ആവശ്യപ്പെട്ടു.
Comments