ന്യൂഡൽഹി: പാകിസ്താൻ ചാരനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും സുപ്രധാന വിവരങ്ങൾ ചോരാൻ കാരണമാകുകയും ചെയ്തു എന്ന ആരോപണം നേരിടുന്ന മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയ്ക്ക് പിന്തുണയുമായി സിപിഎം. അൻസാരിക്കെതിരെ നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി.
ലോകം ആദരിക്കുന്ന നയതന്ത്രജ്ഞനാണ് അൻസാരി. ഇന്ത്യൻ ഭരണഘടനയോട് അൻസാരി പുലർത്തുന്ന കൂറിൽ അസ്വസ്ഥരാകുന്നവരാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ എന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു. വ്യക്തിത്വത്തിന്റെ പേരിലാണ് അൻസാരിയെ ബിജെപി ലക്ഷ്യമിടുന്നതെന്നും സിപിഎം ആരോപിക്കുന്നു.
അതേസമയം, പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസയുമായി ഹാമിദ് അൻസാരി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടിരുന്നു. നുസ്രത് മിർസ എന്ന മാദ്ധ്യമ പ്രവർത്തകനെ താൻ കണ്ടിട്ടേയില്ലെന്നും, അയാളെ അറിയുകയേ ഇല്ലെന്നുമായിരുന്നു ഹാമിദ് അൻസാരിയുടെ പ്രസ്താവന. മാദ്ധ്യമങ്ങളും ബിജെപിയുമാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും ഹാമിദ് അൻസാരി ആരോപിച്ചിരുന്നു.
എന്നാൽ തന്നെ ഹാമിദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നുമായിരുന്നു നുസ്രത് മിർസയുടെ വെളിപ്പെടുത്തൽ. അതിസങ്കീർണ്ണവും തന്ത്രപ്രധാനവുമായ വിവരങ്ങൾ നുസ്രത് മിർസയിലൂടെ പാകിസ്താൻ ചാര സംഘടനയായ ഐ എസ് ഐ ചോർത്തിയെടുത്തു എന്നും വാർത്തകൾ വന്നിരുന്നു.
2009ൽ ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ ഹാമിദ് അൻസാരിക്കൊപ്പം നുസ്രത് മിർസ പങ്കെടുക്കുന്ന ചിത്രമാണ് ബിജെപി പുറത്തു വിട്ടത്. നേരത്തേ പോപ്പുലർ ഫ്രണ്ട് വേദിയിൽ ഹാമിദ് അൻസാരി പ്രസംഗിച്ചതും വിവാദമായിരുന്നു.
Comments