യുഎസിലെ ഒരു ഭക്ഷണശാലയിലെ മെനുകാർഡാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചില ഇന്ത്യൻ ഭക്ഷണങ്ങളുടെ മെനു കാർഡിലെ പേരാണ് ചർച്ചയ്‌ക്ക് കാരണം. വൈറലായിക്കൊണ്ടിരിക്കുന്ന മെനുവിൽ ദോശ, ഇഡ്ലി, സാമ്പാർ, വട തുടങ്ങിയ ജനപ്രിയ ദക്ഷിണേന്ത്യൻ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇവയ്‌ക്ക് റെസ്‌റ്റോറന്റ് ചാർത്തിയ പേര് നിരവധി പേർക്കിടയിൽ അസ്വാരസ്യമുണ്ടാക്കി.
സിയാറ്റിൽ ആസ്ഥാനമായുള്ള ഇന്ത്യൻ ക്രെയ്പ് കോ എന്ന റെസ്റ്റോറന്റാണ് തങ്ങളുടെ മെനുവിൽ സാമ്പാർ-വടയെ ‘ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്’ (Dunked Doughnut Delight) എന്ന് വിശേഷിപ്പിച്ചത്. 16.49 ഡോളറാണ് ഇതിന് ചുമത്തുന്ന വില.
omfg pic.twitter.com/EEIkpBJcoA
— inika⛓ (@inika__) July 16, 2022
അതുപോലെ ദോശയെ ‘നെയ്‌ക്ക്ഡ് ക്രേയ്പ്പ്’ (Naked Crepe), എന്നും മസാല ദോശയെ ‘സ്മാഷ്ഡ് പൊട്ടറ്റോ ക്രേയ്പ്പ്’ (Smashed Potato Crepe) എന്നിങ്ങനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു ദോശയ്‌ക്ക് 17.59 ഡോളറാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. ഊത്തപ്പം പോലുള്ള വിഭവങ്ങളും റെസ്‌റ്റോറന്റിൽ ലഭ്യമാണ്. ഇതിന് ക്ലാസിക് ലെന്റിൽ പാൻകേക്ക് ( Classic Lentil Pancake) എന്നാണ് അമേരിക്കൻ റെസ്‌റ്റോറന്റ് നൽകിയ പേര്.
എന്നാൽ ഭക്ഷണ വിഭവങ്ങളുടെ പേര് ഇപ്രകാരം മാറ്റിയതിലും അമിതമായ വില ഏർപ്പെടുത്തുന്നതിലും സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു. അമേരിക്കക്കാർക്ക് മനസിലാകുന്നതിന് വേണ്ടിയാണ് അവരുടേതായ ഭാഷയിൽ ഇവയുടെ പേര് മാറ്റുന്നതെന്ന് ചിലർ ന്യായീകരിച്ചു. ”എന്നാൽ ‘പിസ’ ഇവിടെ വിൽക്കുന്നത് ‘പിസ’ എന്ന് തന്നെ പറഞ്ഞിട്ടാണല്ലോ, അതിനെ വട്ടത്തിലുള്ള ദോശ പോലെയിരിക്കുന്ന സാധനം എന്നൊന്നും പറയുന്നില്ലല്ലോ” എന്ന് ചിലർ അഭിപ്രായപ്പെട്ടു. പിസയെ പിസ എന്ന് തന്നെ ഇന്ത്യക്കാർ ഉൾപ്പെടെ ലോകത്തുള്ള എല്ലാവർക്കും പറയാമെങ്കിൽ ദോശയെ ദോശ എന്ന് തന്നെ അമേരിക്കക്കാർക്ക് പറയാമെന്നായി വാദം. ഇന്ത്യയിലെവിടെയും 100 രൂപയ്‌ക്ക് താഴെ ലഭിക്കുന്ന ദോശയ്‌ക്ക് 1,000 രൂപയോളം വിലയ്‌ക്ക് അമേരിക്കയിൽ വിൽക്കുന്നത് അൽപ്പം കടന്നുപോയെന്നും ചിലർ പ്രതികരിച്ചു.
Comments