തിരുവനന്തപുരം: വിമാനയാത്രയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ ശബരിനാഥിന്റെ ജാമ്യാപേക്ഷയിൽ വിധി ഉടനുണ്ടായേക്കും. കോടതിയിൽ ഹാജരാക്കിയ ശബരിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.
തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശബരിനാഥനെ ഹാജരാക്കിയത്.ജസ്റ്റിസ്‌സി.വി.ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കി.
വാദത്തിനിടെ കസ്റ്റഡി ആവശ്യപ്പെടുന്നത് ഈ ഒരു സ്‌ക്രീൻ ഷോട്ടിന്റെ പിൻബലത്തിൽ അല്ലേയെന്നും മറ്റെന്തെങ്കിലും തെളിവുണ്ടോ എന്നും കോടതി ആരാഞ്ഞു.
ഇതിന് മറുപടിയായി ശബരിനാഥൻ ഗൂഢാലോചനയിൽ ഭാഗമായതിന്റെ തെളിവുണ്ടന്നും തെളിവ് ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
വിമാനത്തിലുണ്ടായ നാടകങ്ങളുടെയെല്ലാം തുടക്കം ശബരിയുടെ സന്ദേശമെന്ന് പ്രോസിക്യുഷൻ കോടതിയിൽ ആവർത്തിച്ചു. ശബരീനാഥനെതിരെ നിർണ്ണായക തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ഒന്നും ,രണ്ടും പ്രതികളെ വിമാനത്തിൽ കയറും മുൻപ് ശബരീനാഥ് നേരിട്ട് വിളിച്ചുവെന്നും 4 തവണ നേരിട്ട് ഇവർ പരസ്പരം ബന്ധപ്പെട്ടുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഒന്നാം പ്രതി ഉപയോഗിക്കുന്ന നമ്പരിലേക്ക് ശബരിനാഥന്റെ നമ്പറിൽ നിന്ന് 12.47 ന് ബന്ധപ്പെട്ടു.വീണ്ടും 4 തവണ ഒന്നാം പ്രതിയും ശബരീനാഥനും തമ്മിൽ പരസ്പരം ബന്ധപ്പെട്ടു. മൂന്നാം പ്രതിയുടെ നമ്പരിലേക്ക് 3.08 ന് ശബരിനാഥൻ വീണ്ടും ബന്ധപ്പെട്ടുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം ഫോൺ ഇപ്പോൾ തന്നെ കോടതിയ്‌ക്ക് കൈമാറാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിരുന്നെങ്കിൽ ഫോൺ അപ്പോൾ തന്നെ നൽകുമായിരുന്നുവെന്നും ശബരിനാഥ് കോടതിയെ അറിയിച്ചു.















