തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഉത്സവപ്പറമ്പിൽ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് കുമ്മനം വിമർശിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമുള്ള പങ്കിനെപ്പറ്റി സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകിയപ്പോൾ മുതൽ സർക്കാരിന്റെ സമനില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഭീഷണി എന്നു തോന്നിയവരെ എല്ലാം പോലീസിനെ ദുരുപയോഗം ചെയ്ത് അറസ്റ്റു ചെയ്യുകയാണ്. പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്ത്രങ്ങൾക്ക് പോലും വിലക്ക് ഏർപ്പെടുത്തി. സംരക്ഷണം എന്ന പേരിൽ ഗതാഗതം തടഞ്ഞുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടികൾ ചെയ്തിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടി അതിനെ നിർലജ്ജം ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
അനാവശ്യ വിഷയങ്ങളിൽ വിവാദങ്ങൾ സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളെ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണ് പിണറായി വിജയനും പാർട്ടിയും ചെയ്യുന്നതെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. യഥാർത്ഥ വിഷയത്തിൽ നിന്നും പിന്മാറി, പിണറായി ഇട്ട ചൂണ്ടയിൽ കൊത്തി കുരുങ്ങി കിടക്കുകയാണ് പ്രതിപക്ഷ കക്ഷികളിൽ പലരും. ഇത്തരം കുതന്ത്രങ്ങളിലൂടെ കേരളത്തിലെ പ്രബുദ്ധ ജനതയെ പറ്റിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.
Comments