ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കളളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘമെന്ന് സൂചന. അഡീഷണൽ ഡയറക്ടർ പദവിയിലുളള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
അഞ്ചംഗ ഉദ്യോഗസ്ഥ സംഘമാണ് സോണിയയിൽ നിന്ന് വിവരങ്ങൾ തേടുക. ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കൊറോണാനന്തര പ്രശ്‌നങ്ങളെ തുടർന്ന് നീട്ടിവെയ്‌ക്കണമെന്ന് സോണിയ അഭ്യർത്ഥിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചത്. കൊറോണയ്‌ക്ക് ശേഷം ശ്വാസതടസവും അണുബാധയും ഉൾപ്പെടെയുളള പ്രശ്‌നങ്ങൾക്ക് സോണിയ ചികിത്സയിലുമായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ആവശ്യമെങ്കിൽ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏർപ്പെടുത്തിയിരിക്കുന്നത്.
സോണിയയുടെ ആരോഗ്യകാര്യത്തിൽ ഉൾപ്പെടെ പ്രത്യേക പരിഗണന നൽകി പ്രിയങ്ക ഗാന്ധിയെയും ഇഡി ഓഫീസിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യൽ നടക്കുന്നിടത്തേക്ക് പ്രിയങ്കയ്‌ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസും സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ആരോപിച്ചാണ് അന്വേഷണം. നേരത്തെ രാഹുൽ ഗാന്ധിയെ ഇഡി അഞ്ച് ദിവസം ചോദ്യം ചെയ്തിരുന്നു.
സോണിയയുടെ ചോദ്യം ചെയ്യലിനെതിരെ കോൺഗ്രസ് ഡൽഹിയിലുൾപ്പെടെ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഇഡിയെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ബാനറുമായി പാർലമെന്റ് മന്ദിര പരിസരത്തും കോൺഗ്രസ് നേതാക്കൾ പ്രകടനം നടത്തിയിരുന്നു.
Comments