ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഇടപാടിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും ചേർന്ന് 395 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. അസോസ്സിയേറ്റഡ് ജേണൽസിന്റെ സ്ഥാവര വസ്തുക്കൾ അനധികൃതമായി ഏറ്റെടുത്തതിലൂടെയാണ് അവർക്ക് ഇത്രയും വലിയ തുക സ്വന്തമാക്കാൻ കഴിഞ്ഞത്. അസോസ്സിയേറ്റഡ് ജേണൽസിന്റെ 800 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളിന്മേലാണ് ഇവർ അഴിമതി നടത്തി പണമുണ്ടാക്കിയതെന്ന് ആദായ നികുതി വകുപ്പിന്റെ രേഖകളെ ആസ്പദമാക്കി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ വരുന്ന സമയത്ത് 5 ലക്ഷം രൂപയുടെ ഷെയർ മാത്രമുണ്ടായിരുന്ന യംഗ് ഇന്ത്യയാണ് കോൺഗ്രസിന് 50 ലക്ഷം രൂപ നൽകിയത്. ഇത് ഹവാല ഇടപാടിന് തുല്യമായ സാമ്പത്തിക തട്ടിപ്പാണ് എന്നാണ് റിപ്പോർട്ട്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോടെക്സ് കമ്പനിയിൽ നിന്നും അനധികൃതമായി 1 കോടി രൂപ വായ്പ സ്വീകരിച്ചാണ് അവർ കോൺഗ്രസിന് 50 ലക്ഷം നൽകിയത്. ലോൺ എന്ന് പറയപ്പെടുന്ന ഈ തുക, ഡോടെക്സ് കമ്പനിയുടെ അക്കൗണ്ടുകൾ പ്രകാരം സംഭാവനയാണ് എന്നാണ് കാണിക്കുന്നത്. മതിയായ നികുതികൾ അടയ്‌ക്കാതെ, മൂന്ന് മാസത്തിനുള്ളിലാണ് ഇടപാടുകൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദായ നികുതി വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
Comments