മമതയോട് ചോദിച്ചുമില്ല, ആലോചിച്ചുമില്ല, അതിനാൽ പ്രതിപക്ഷ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കില്ല! നിലപാടറിയിച്ച് തൃണമൂൽ കോൺഗ്രസ് – Trinamool Congress to abstain from voting in vice presidential polls

Published by
Janam Web Desk

കൊൽക്കത്ത: പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി തൃണമൂൽ കോൺഗ്രസ്. ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുമെന്ന് അറിയിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത തീരുമാനത്തിലുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

വ്യാഴാഴ്ച ടിഎംസി എംപിമാരുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം സ്വീകരിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത് മമത ബാനർജിയുമായി ആലോചിക്കാതെയാണെന്നത് ടിഎംസിയിൽ അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ”ഞങ്ങളുമായി കൂടിയാലോചിക്കുകയോ, എന്തെങ്കിലും ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതിനാൽ പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കാൻ കഴിയില്ല,” ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗദീപ് ധൻകറാണ് എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി. നിലവിലെ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 6-നാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.

Share
Leave a Comment