ഗുരുഗ്രാം : അനധികൃത ഖനനം അന്വേഷിക്കുന്നതിനിടെ ഹരിയാന ഡിഎസ്പിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയെയും അറസ്റ്റ് ചെയ്തു. അനധികൃത ഖനനം അന്വേഷിക്കുന്ന നുഹ് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ സുരേന്ദർ സിംഗ് ബിഷ്നോയിയെയാണ് ട്രക്ക് കൊണ്ട് ഇടിച്ചിട്ട ശേഷം കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഷബീർ എന്ന മിത്താറിനെ പഹാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗംഘോര ഗ്രാമത്തിൽ നിന്ന് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഡി.എസ്.പിയെ ആക്രമിക്കുന്ന സമയത്ത് ഏഴ് പേർ ഉണ്ടായിരുന്നുവെന്ന് കേസിൽ ആദ്യം അറസ്റ്റിലായ ഷബീറും കൂട്ടാളി ഇക്കാറും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. മിത്താറിന്റെ സഹോദരനും ട്രക്ക് ഉടമയായ അർഷാദ് ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതിക്ക് അഭയം നൽകിയ രാജസ്ഥാനിലെ അൽവാർ സ്വദേശി ബില്ല എന്ന ജാബിദാണ് ഇന്ന് അറസ്റ്റിലായത്.
മൂന്നാം പ്രതി ജാബിദ് എന്ന ബില്ലയെ ബിബിപൂർ ഗ്രാമത്തിൽ നിന്നാണ് നുഹ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയ്ക്ക് അയച്ചു. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണെന്നും അവരെ പിടി കൂടാൻ പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയാണെന്നും നുഹ് എസ്പി വരുൺ സിംഗ്ല പറഞ്ഞു.
Comments