തിരുവനന്തപുരം: ഈ വർഷം മാത്രം കേരളത്തിൽ പേവിഷ ബാധ മൂലം 14 പേർ മരിച്ച സാഹചര്യത്തിൽ, സംസ്ഥാനത്ത് ഉപയോഗിക്കുന്ന വാക്സിന്റെ ഗുണനിലവാരത്തെപ്പറ്റി ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി. പട്ടിയുടെ കടി ഏറ്റതിന് ശേഷം ആശുപത്രി അധികൃതർ നിർദേശിച്ച എല്ലാ വാക്‌സിനുകളും പൂർത്തീകരിച്ചതിന് ശേഷവും പാലക്കാട് ശ്രീലക്ഷ്‌മി എന്ന പെൺകുട്ടി മരിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപി വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉന്നയിക്കുന്നത്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന പേവിഷബാധ മരണങ്ങളെ പ്രതിരോധിക്കാൻ എന്ന പേരിൽ സർക്കാർ വാങ്ങി കൂട്ടിയ വാക്സിനുകൾ സംഭരണ ശാലകളിൽ കെട്ടിക്കിടക്കുകയാണ്. കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ആരോഗ്യ വകുപ്പ് ഈ വാക്സിനുകൾ വാങ്ങിയിരിക്കുന്നത്. കരാർ പ്രകാരം, ഈ വാക്സിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദി കമ്പനിയല്ല. ഇത് വാങ്ങിയ കേരള സർക്കാർ സ്ഥാപനമായ കേരള മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് ആണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
പേവിഷ വാക്സിൻ വാങ്ങിയത് കേരള സർക്കാരിന്റെ മറ്റൊരു അഴിമതിയാണോ എന്നും ബിജെപി ചോദ്യം ഉന്നയിക്കുന്നു. കേന്ദ്ര മരുന്ന് പരിശോധന ലാബിന്റെ അംഗീകാരമില്ലാത്ത പേവിഷ വാക്സിൻ വാങ്ങിയതിലെ പിഴവ് സമ്മതിച്ചിരിക്കുകയാണ് സർക്കാർ. ഈ വാക്സിൻ ഉപയോഗിക്കരുത് എന്ന നിർദ്ദേശം താഴെതട്ടിൽ വരെ സർക്കാർ നൽകിയിരിക്കുന്നു. പകരം തമിഴ്നാട്ടിൽ നിന്നും കുറച്ച് വാക്സിൻ വയലുകൾ ജാള്യത മറയ്‌ക്കാൻ എത്തിച്ചിട്ടുണ്ടെന്നും ബിജെപി പറയുന്നു.
ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പുല്ലുവിലയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നൽകുന്നത്. വളരെ ലാഘവത്തോടെ ഇത്രമാത്രം പ്രധാനപ്പെട്ട വിഷയം കൈകാര്യം ചെയ്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉടനടി നടപടി കൈക്കൊള്ളേണ്ടതാണെന്നും ബിജെപി ആവശ്യപ്പെടുന്നു.
















Comments