പാലക്കാട്: നെല്ലിയാമ്പതി ചുരം റോഡിൽ രാത്രിയോടെ ആന ഇറങ്ങി. കുണ്ടറചോലയ്‌ക്ക് സമീപമാണ് കുട്ടിയോടൊപ്പം അമ്മയാന മാർഗതടസമുണ്ടാക്കി റോഡിലിറങ്ങിയത്.
ആനയെ മറികടന്ന് പോകാൻ കഴിയാത്തതിനാൽ ഇതുവഴി വന്ന വാഹനങ്ങൾ ഏറെ നേരം റോഡിൽ കുടങ്ങി. നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന വാഹന യാത്രക്കാരാണ് കൂടുതലും കുടുങ്ങിയത്.
റോഡിലൂടെ ഏറെ നേരം നടന്ന ആനകൾ പക്ഷെ അക്രമാസക്തമായില്ല. വാഹനങ്ങൾ ലൈറ്റ് തെളിച്ച് ആനയുടെ സഞ്ചാരത്തിന് തടസമുണ്ടാകാത്ത നിലയിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം ആനകൾ കാട്ടിലേക്ക് തന്നെ തിരിച്ചുകയറി.















