ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഝാർഖണ്ഡിൽ നടന്ന ഒരു ചടങ്ങിൽ മാദ്ധ്യമങ്ങൾ കങ്കാരു കോടതികളായി മാറുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വിമർശിച്ചിരുന്നു. മാദ്ധ്യമങ്ങൾ ഉത്തരവാദിത്തരഹിതമായി പെരുമാറുന്നത് ജനാധിപത്യത്തെ പിന്നോട്ടടിക്കും. പ്രത്യക അജൻഡകൾക്കായി മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ജനാധിപത്യത്തിന് തടസ്സമാണ്. ഇത് അനുഭവ സമ്പത്തുള്ള ജഡ്ജിമാരെ പോലും സമ്മർദ്ദത്തിലാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയോടെ എന്താണ് കങ്കാരു കോടതി എന്നാണ് സാധാരണക്കാരുടെ മനസിൽ ഉയർന്ന ചോദ്യം.
യഥാർത്ഥത്തിൽ എന്താണ് കങ്കാരു കോടതി? ഉത്തരമിതാ
19ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അമേരിക്കയിലാണ് കങ്കാരു കോടതി എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഭരണകൂടത്തിന്റെയോ ഔദ്യോഗിക നീതിന്യായ സംവിധാനത്തിന്റെയോ അംഗീകാരമില്ലാതെ നിലനിൽക്കുകയും തോന്നുംപടി ശിക്ഷാ വിധികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെയാണ് കങ്കാരു കോടതി എന്ന് വിളിക്കുന്നത്.
നിയമ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ വിചാരണപോലെയുള്ള കാര്യങ്ങൾ ഇതിലുണ്ടാകണമെന്നില്ല. പലപ്പോഴും പ്രതിക്ക് അനുകൂലമായിട്ടായിരിക്കും കങ്കാരു കോടതികൾ വിധി കൽപ്പിക്കുന്നത്. കേസുകൾ പെട്ടെന്ന് തീർപ്പു കൽപ്പിക്കുന്നു. വിദേശരാജ്യങ്ങളിൽ ഇപ്പോഴും ചില വിഭാഗങ്ങൾക്കിടയിൽ കങ്കാരു കോടതി സംവിധാനം നിലനിൽക്കുന്നുണ്ട്.
പ്രത്യേക അജൻഡയുടെയും തെറ്റായവസ്തുതകളുടെയും അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മാദ്ധ്യമ ചർച്ചകൾ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. ചില മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടുകൾ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ജനാധിപത്യത്തെയും മൊത്തം സംവിധാനത്തെയും അത് അപായപ്പെടുത്തുന്നുവെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.
ജഡ്ജിമാർക്കെതിരെ ചില മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ആസൂത്രിതമായ കടന്നാക്രമണങ്ങൾ നടക്കുന്നത് ആശങ്കാജനകമാണ്. ജഡ്ജിമാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ സർഗാത്മകമായി വിമർശിക്കുന്നതിനുപകരം വ്യക്തിപരമായി കടന്നാക്രമിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ല. സമൂഹമാദ്ധ്യമങ്ങളും ചില ഡിജിറ്റൽ മാദ്ധ്യമങ്ങളും ഇത്തരം ഇടപെടലുകളാണ് നടത്തുന്നത്. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനം തടസ്സപ്പെടുത്തുന്ന മാദ്ധ്യമവിചാരണകൾ വർദ്ധിച്ചുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.















