ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിമർശിച്ച് പാകിസ്താന്റെ മുൻ താരം ഡാനിഷ് കനേരിയ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ 12 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് വിമർശനവുമായി ഡാനിഷ് രംഗത്തെത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിമർശനം നടത്തിയത്. സഞ്ജു ഇറങ്ങിയ സ്ഥാനത്ത് ദീപക് ഹൂഡയാണ് ഇറങ്ങേണ്ടിയിരുന്നതെന്ന് ഡാനിഷ് പറഞ്ഞു.
കനേരിയയുടെ വാക്കുകൾ ഇങ്ങനെ
‘സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചു. എന്നാൽ അയാൾക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയില്ല. റൊമാരിയോ ഷെഫേർഡ് പുറത്താക്കും മുൻപ് തന്നെ അയാൾ വളരെ മങ്ങിയ പ്രകടനമാണ് നടത്തിയത്. ഹൂഡയെപ്പറ്റി പറഞ്ഞാൽ, അയാൾ എന്തിനാണ് ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങിയത്? ശ്രേയാസും സൂര്യയും യഥാക്രമം 2, 3 സ്ഥാനങ്ങളിൽ ഇറങ്ങുന്നത് മനസിലാക്കാവുന്നതേയുള്ളൂ. സഞ്ജുവിനു മുൻപ് ഹൂഡ ഇറങ്ങണമായിരുന്നു. ഋഷഭ് പന്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയതുപോലെ സഞ്ജുവിനും നൽകി. പക്ഷേ, സഞ്ജു പന്തല്ല. അയാളുടെ ബാറ്റിംഗ് വളരെ വ്യത്യസ്തമാണ്.”-
അതേസമയം ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്‌പെയിനിലാണ് മത്സരം നടക്കുന്നത്. ഈ മത്സരം കൂടെ വിജയിക്കാനായാൽ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാനാവും.
ഇവക്കെല്ലാം പുറമെ ഇന്നത്തെ മത്സരം സഞ്ജുവിന് വെല്ലുവിളികൾ നിറഞ്ഞതാവും. ഈ മത്സരത്തിലും നിരാശപ്പെടുത്തിയാൽ ഒരു പക്ഷേ സഞ്ജുവിന് ഇനി ഏകദിന ടീമിൽ ഇടം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടാവും. കഴിഞ്ഞ മത്സരത്തിൽ 12 റൺസ് മാത്രം എടുത്ത് പുറത്തായ സഞ്ജു ഇല്ലാതാക്കിയത് ഇന്ത്യയുടെ നാലാം നമ്പറിൽ സ്ഥാനമുറപ്പിക്കാനുള്ള സാധ്യതകളാണ് . ഇനി സഞ്ജുവിന് പകരം മധ്യനിരയിൽ ഇടംകയ്യൻ ബാറ്ററെ പരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ ഇഷാൻ കിഷനാകും കളിക്കളത്തിൽ ഇറങ്ങുക.
















Comments