തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. വരുമാനമില്ലാത്ത പദ്ധതികൾക്ക് ബാങ്ക് വായ്പ നൽകരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെയാണ് മുൻ ധനകാര്യമന്ത്രി വിമർശിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ അനാവശ്യമായി കടമെടുത്തു കൂട്ടിയാൽ അതിന്റെ ബാധ്യത ഓരോ ജനങ്ങളുടെയും ആണ്. ദൈനംദിന കാര്യങ്ങൾക്ക് പോലും വായ്പയെ ആശ്രയിക്കുന്ന തീതിയിലേയ്‌ക്ക് കേരളം മാറി കഴിഞ്ഞിരിക്കുന്നു. കിഫ്ബി എടുക്കുന്ന കടം സർക്കാരിന്റെ കടമായി കണക്കാക്കിയാൽ കടമെടുത്തു കൂട്ടുന്നതിൽ നിയന്ത്രണം വന്നുചേരും. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയാൽ കിഫ്ബിയ്ക്ക് വായ്പ എടുക്കണമെങ്കിൽ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള പരിധിയിൽ ഒരു വിഹിതം കിഫ്ബിയുടെ ക്വാട്ടയായി മാറ്റിവെയ്‌ക്കേണ്ടിവരും. ഇതിനെയാണ് തോമസ് ഐസക് എതിർക്കുന്നത്.
ബജറ്ററിന് വിഭവങ്ങളുടെ പിന്തുണയില്ലാതെ പ്രൊജക്ടിൽ നിന്നുള്ള വരുമാനംകൊണ്ടുമാത്രം തിരിച്ചടവ് പൂർത്തീകരിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു പദ്ധതി കാണിച്ചു തരാൻ റിസർവ്വ് ബാങ്കിന് കാണിച്ചു തരാമോ എന്ന് തോമസ് ഐസക് ചോദിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന എല്ലാ ദേശീയപാത വികസന പദ്ധതികൾക്കും വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ഉണ്ട്. അവയെല്ലാം ബിഒടി അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോൺട്രാക്ടർ മുൻകൂറായി പണം മുടക്കുന്നു. സർക്കാർ ബജറ്റിൽ നിന്നാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകുക. ടോൾ പിരിക്കുന്നതിനുള്ള അവകാശവും കോൺട്രാക്ടർക്കു നൽകും. ഇങ്ങനെയുള്ള പദ്ധതികൾക്ക് നാഷണൽ ഹൈവേ അതോറിറ്റിക്ക് വായ്പ നൽകാൻ പാടില്ല എന്ന് റിസർവ്വ് ബാങ്ക് പറയുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് തോമസ് ഐസക് വന്നിരിക്കുന്നത്.
രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് തോമസ് ഐസകിന്റെ വാദം. റിസർവ്വ് ബാങ്കും ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്നും അതിനെ തടയാൻ രണ്ട് മാർഗ്ഗങ്ങൾ മാത്രമാണ് ഉള്ളതെന്നും മുൻ ധനകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, നിയമപരമായിട്ടുള്ള പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കണം. രണ്ട്, ബഹുജനങ്ങളെ ബോധവൽക്കരിച്ച് അണിനിരത്തണം എന്നിങ്ങനെയാണ് തോമസ് ഐസക് മുന്നോട്ട് വെയ്‌ക്കുന്ന മാർഗ്ഗങ്ങൾ.
Comments