നിർണായക ഘട്ടത്തിൽ കൈവെടിഞ്ഞു; ഇസ്ലാമിക ഭീകരർ കൈവെട്ടി മാറ്റിയപ്പോൾ ആത്മകഥയ്‌ക്ക് അവാർഡ് ; പ്രൊഫ : ടിജെ ജോസഫിന് സാഹിത്യ അക്കാഡമി പുരസ്കാരം- Professor T J Joseph wins Kerala Sahitya Akademi Award

Published by
Janam Web Desk

തൃശൂർ: മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ കൈ വെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അദ്ധ്യാപകൻ ടി ജെ ജോസഫിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം. ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ ആത്മകഥയ്‌ക്കാണ് പുരസ്കാരം. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപം വെച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരർ വെട്ടി മാറ്റിയത്. പ്രൊഫസർ തയ്യാറാക്കിയ ചോദ്യ പേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.

സംഭവത്തിന് ശേഷം കോളേജ് അധികൃതരും സഭയും സർക്കാരും പ്രൊഫസർ ടി ജെ ജോസഫിനെ കൈവിട്ടു. 2010ൽ നടന്ന സംഭവം എല്ലാവിധത്തിലും തന്റെ കുടുംബം തകർത്തുവെന്ന് പ്രൊഫസർ ടി ജെ ജോസഫ് പിന്നീട് പറഞ്ഞിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്ത കുഞ്ഞുണ്ണിക്കര എം കെ നാസർ, അക്രമി സംഘത്തെ നയിച്ച അശമന്നൂർ സവാദ്, വിദേശത്തുള്ള നാസർ എന്നീ പ്രതികളെ ഇപ്പോഴും പോലീസ് പിടികൂടിയിട്ടില്ല. തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുത്തു.

കേരളത്തിലെ താലിബാനിസത്തിന്റെ ദൗർഭാഗ്യവാനായ ഇരയായിരുന്നു ടി ജെ ജോസഫ്. സംഭവത്തെ തുടർന്ന് ടി ജെ ജോസഫിന്റെ പേരിൽ മതനിന്ദയ്‌ക്ക് കേസ് എടുക്കുകയായിരുന്നു പോലീസ് ചെയ്തത്. പ്രൊഫസറുടെ മകനെ പോലീസ് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി. എന്നാൽ, ടി ജെ ജോസഫ് ഒരു മതനിന്ദയും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

2010 മാർച്ച് 23നായിരുന്നു പ്രൊഫസർ ജോസഫിന്റെ ജീവിതഗതി തന്നെ മാറ്റി മറിച്ച ആ പരീക്ഷ. എം ജി സർവകലാശാല എം എ/ ബി എ മലയാളം കോഴ്സുകളുടെ റഫറൻസ് ഗ്രന്ഥമായിരുന്ന തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നുമുള്ളതായിരുന്നു ചോദ്യം. ചോദ്യത്തിൽ ഭ്രാന്തന്റെ പേര് മുഹമ്മദ് എന്നായതിനെയാണ് മതനിന്ദയായി ചിലർ വ്യാഖ്യാനിച്ചത്. പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയെ ആസ്പദമാക്കിയായിരുന്നു ചോദ്യം.

സംഭവത്തെ തുടർന്ന് കോളേജ് മാനേജ്മെന്റ് ടി ജെ ജോസഫിനെ ജോലിയിൽ നിന്നും പുറത്താക്കി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സിപിഎം നേതാവ് എം എ ബേബി പ്രൊഫസറെ മഠയൻ എന്ന് വിളിച്ച് ആക്ഷേപിച്ചു. ഈ രണ്ട് സംഭവങ്ങളും ഇസ്ലാമിക മൗലികവാദികൾക്ക് വലിയ തോതിൽ ഊർജ്ജം പകർന്നുവെന്ന് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടു. കോടതി വിധി വന്നതിന് ശേഷവും സിപിഎം പ്രൊഫസർക്കെതിരായ നിലപാടിൽ ഉറച്ച് നിന്നു.

ജൂലൈ നാലിന് പള്ളിയിൽ നിന്നും മടങ്ങവെ, കാർ തടഞ്ഞു നിർത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ വലത് കൈപ്പത്തി അവർ മഴു കൊണ്ട് വെട്ടി മാറ്റി. വെട്ടിമാറ്റിയ കൈപ്പത്തി പിന്നീട് തുന്നിച്ചേർക്കാതിരിക്കാൻ അക്രമികൾ അത് ടാറിട്ട റോഡിൽ ഉരച്ച ശേഷം അകലേക്ക് വലിച്ചെറിഞ്ഞു. ഇടത് കാലിനും ഇടത് കൈക്കും വെട്ടിയ ശേഷം ബോംബെറിഞ്ഞ് സ്ഫോടനമുണ്ടാക്കി സ്ഥലം വിടുകയായിരുന്നു അക്രമികൾ. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയായ സഹോദരിയെയും അക്രമി സംഘം മർദ്ദിച്ചു.

കേസിൽ കോടതി പ്രൊഫസറെ കുറ്റവിമുക്തനാക്കിയെങ്കിലും അദ്ദേഹത്തെ ജോലിയിൽ തിരികെ എടുക്കാൻ സഭാനേതൃത്വം തയ്യാറായില്ല. വിദ്യാർത്ഥികളെ കണ്ട് യാത്ര പറയാനുള്ള അനുവാദം പോലും സഭാ നേതൃത്വം പ്രൊഫസർക്ക് നിഷേധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സലോമി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

Share
Leave a Comment