ഭോപ്പാൽ : വീട്ടിലെ വൈദ്യുതി ബില്ല് 3,419 കോടി രൂപ. കേൾക്കുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നിയേക്കാം. മദ്ധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ പ്രിയങ്ക ഗുപ്തയുടെ വീട്ടിലാണ് കോടികൾ കറണ്ട് ബില്ല് വന്നത്. ഇതോടെ പ്രിയങ്കയുടെ ഭർതൃപിതാവ് തലകറങ്ങി വീണു. പിന്നാലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതെങ്ങനെ ബില്ല് ഇത്രയധികം വർദ്ധിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. മദ്ധ്യപ്രദേശിലെ വൈദ്യുതി കമ്പനിയിലെ ജീവനക്കാർക്ക് പറ്റിയ അബദ്ധമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായത്. തുടർന്ന് തെറ്റ് കണ്ടെത്തിയതോടെ കമ്പനി 1,300 എന്ന യഥാർത്ഥ ബില്ല് വീട്ടുകാർക്ക് നൽകുകയായിരുന്നു.
ജൂലൈ 20 നാണ് മദ്ധ്യപ്രദേശ് മദ്ധ്യക്ഷേത്ര വിദ്യുത് വിത്രൻ കമ്പനിയുടെ (എംപിഎംകെവിവിസി) പോർട്ടൽ വഴി കറണ്ട് ബില്ല് പുറത്തിറക്കിയത്. ഇത് ജീവനക്കാർക്ക് പറ്റിയ അബദ്ധമാണെന്ന് എംപിഎംകെവിവിസി ജനറൽ മാനേജർ നിതിൻ മംഗ്ലിക് പറഞ്ഞു. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.
വീട്ടിൽ ഉപയോഗിച്ച യൂണിറ്റുകളുടെ സ്ഥാനത്ത് ഉപഭോക്തൃ നമ്പറാണ് സോഫ്റ്റ് വെയറിൽ അപ്‌ഡേറ്റ് ചെയ്തത്. ഇതിന്റെ ഫലമായി ബില്ലിലെ തുകയും ഉയർന്നു. തുടർന്ന് നടത്തിയ പിരശോധനയിലാണ് ഇത് തെളിഞ്ഞത്. പിഴവ് പരിഹരിച്ചതായും ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും എംപി ഊർജ മന്ത്രി പ്രദ്യുമൻ സിങ് തോമർ അറിയിച്ചു.
Comments