പാലക്കാട്: അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവ്. മുക്കാലി സ്വദേശി അബ്ബാസിനെതിരെയാണ് കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയുടേതാണ് ഉത്തരവ്.
അബ്ബാസ് കേസിൽ നിന്നും പിന്മാറാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ നൽകിയ പരാതി. ഇന്ന് മധു കേസിലെ പത്തൊമ്പതാം സാക്ഷിയും കൂറുമാറി. കക്കുപ്പടി സ്വദേശി കക്കി മൂപ്പനാണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്. ഇന്നലെ കേസിലെ 18-ാം സാക്ഷിയായ കാളി മൂപ്പൻ കൂറ് മാറിയിരുന്നു. വനംവകുപ്പിലെ താത്കാലിക വാച്ചർ ആയിരുന്നു കാളി മൂപ്പൻ. ഇതുവരെ എട്ട് പേരാണ് കേസിൽ കൂറ് മാറിയത്.
കൂറുമാറിയവർക്കെതിരെയും മധുവിന്റെ അമ്മ മല്ലി പരാതി നൽകിയിട്ടുണ്ട്. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴി മാറ്റിപ്പറയുന്നതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇത് അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Comments