കൊൽക്കത്ത : അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മുഖ്യപ്രതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആണെന്ന് ബിജെപി. മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ മുൻനിർത്തി കളിച്ചത് മമത ബാനർജിയാണെന്ന ആരോപണങ്ങളാണ് ഉയരുന്നത്. പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ വീടുകളിൽ നിന്നായി 50 കോടി പണവും, വിദേശ കറൻസിയും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
മമത ബാനർജിയാണ് കേസിലെ മുഖ്യപ്രതിയെന്ന് ബിജെപി ബംഗാൾ വൈസ് പ്രസിഡന്റ് സൗമിത്ര ഖാൻ പറഞ്ഞു. പാർത്ഥ ചാറ്റർജി മമതയ്‌ക്കൊപ്പം എട്ട് മുതൽ 10 മണിക്കൂർ വരെ ഉണ്ടായിരുന്നു. എസ്എസ്സി അഴിമതി നടന്നത് മമതയുടെ അനുവാദത്തോടെയാണ്. അവർ നിരന്തരം പാർത്ഥ ചാറ്റർജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മമത ഇപ്പോൾ സ്വയം രക്ഷപ്പെടാനും അനന്തരവനെ രക്ഷിക്കാനുമാണ് ശ്രമിക്കുന്നത് എന്ന് സൗമിത്ര ഖാൻ ആരോപിച്ചു.
പാർത്ഥ ചാറ്റർജിക്കെതിരായ കുരുക്ക് മുറുകിയതോടെ തൃണമൂൽ കോൺഗ്രസ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പാർട്ടിയിലെ പ്രത്യേക പദവികളിൽ നിന്നും ചാറ്റർജിയെ മാറ്റി നിർത്തി. തങ്ങളുടെ പാർട്ടി വളരെ സ്ട്രിക്റ്റ് ആണെന്നും ഇത്തരം അഴിമതികൾ വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് മമത പറഞ്ഞത്.
എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് വരെ മമതയ്‌ക്കെതിരെ എതിർപ്പുകൾ ഉയരുന്നുണ്ട്. പാർട്ടി ദേശീയ സെക്രട്ടറി അനുപം ഹസ്രയാണ് മമതയ്‌ക്കെതിരെ തിരിഞ്ഞത്. മമത ബാനർജിയെപ്പോലുള്ള ഒരു നേതാവിന് ഇത്തരം കാര്യങ്ങൾ പൂർണ്ണമായും അറിയാതിരിക്കുക എന്നത് അസാധ്യമാണ്. അവർ ഒരു ഏകാധിപതിയാണ്. അവരുടെ അനുവാദമില്ലാതെ ആർക്കും പാർട്ടിയിൽ ശ്വസം വിടാൻ പോലും സാധിക്കില്ല. ഹൈക്കമാന്റിന്റെ അനുവാദമില്ലാതെ പാർത്ഥ ചാറ്റർജി ഇത്തരം ഇടപാടുകൾ നടത്തില്ല. ആരുടെ സമ്മതപ്രകാരമാണ് പാർത്ഥ ചാറ്റർജി ഈ പണം സ്വരൂപിച്ചതെന്ന് ഭാവിയിൽ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
















Comments