തിരുവനന്തപുരം : ചിന്താ ജെറോമിനെതിരെ ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനം വഹിച്ചുകൊണ്ട് ഡിവൈഎഫ്ഐ ജാഥയുടെ മാനേജരായി പ്രവർത്തിക്കുകയാണെന്നാണ് പരാതി. ചിന്ത ജെറോം യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനം രാജി വെയ്ക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു.
യുവജന കമ്മീഷൻ സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമായാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ ചിന്താ ജെറോം, ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥാ മാനേജരായി ജാഥ നയിക്കുന്നു. ഇത് പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബിനു ചുള്ളിയിൽ ആരോപിച്ചു. ജുഡീഷ്യൽ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ല. അതുകൊണ്ട് തന്നെ ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന ജാഥയുടെ മാനേജരാകുന്നത് ചട്ടവിരുദ്ധമാണ്.
ഈ സാഹചര്യത്തിൽ ചിന്ത ജെറോം യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത് എന്നും യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ പറഞ്ഞു. ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ട പദവിയിലുള്ള ഒരാളിൽ നിന്ന് ഇത്രയും തരം താണ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
Comments