അബുദാബി: നമ്പർ പ്ലേറ്റ് ദൃശ്യമാക്കാത്ത രീതിയിൽ വാഹനമോടിച്ചവർക്കെതിരെ നടപടിയുമായി അബുദാബി പോലീസ്. 4,200 പേരിൽ നിന്നാണ് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയത്. നിയമലംഘനങ്ങളുടെ വീഡിയോയും അബുദാബി പോലീസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
6 മാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് 4,200 ഡ്രൈവർമാർക്ക് പിഴ ഈടാക്കിയത്. സൈക്കിൾ പോലെയുള്ള ലോഡുകൾ കാറിന് പിന്നിലാക്കി കൊണ്ടു പോകുമ്പോൾ നമ്പർ പ്ലേറ്റുകൾ മറഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനാൽ ഇതൊഴിവാക്കാൻ വാഹനത്തിന്റെ പിറകിൽ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് നേരത്തെ തന്നെ അബുദാബി പോലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം അനുസരിക്കാതെ പലരും നിയമലംഘനം നടത്തി. ഇത്തരക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
400 ദിർഹമാണ് ഇവരിൽ നിന്നും പിഴയായി ഈടാക്കിയത്. വാഹനമോടിക്കുന്നവർ റോഡ് നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഡ്രൈവർമാർക്ക് വീണ്ടും പോലീസ് മുന്നറിയിപ്പ് നൽകി.
Comments