ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. 31-കാരിയായ നൈജീരിയൻ സ്ത്രീയ്ക്കാണ് രോഗം. ഇവർ ഡൽഹിയിലാണുള്ളത്. ഇതോടെ ഡൽഹിയിൽ സ്ഥിരീകരിക്കുന്ന മങ്കിപോക്സ് രോഗികളുടെ എണ്ണം നാലായി. രാജ്യത്താകെയുള്ള ഒമ്പതാമത്തെ കേസാണിത്.
രാജ്യത്താദ്യമായി മങ്കിപോക്സ് സ്ഥിരീകരിക്കുന്ന ആദ്യ സ്ത്രീയാണിവർ. വിദേശയാത്രാ പശ്ചാത്തലത്തെക്കുറിച്ച് നിലവിൽ റിപ്പോർട്ടുകളില്ല. പനിയും ത്വക്കിൽ കുമിളകളും രൂപപ്പെട്ടതോടെ ഇവർ എൽഎൻജെപി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
രോഗബാധിതരുമായി അധികസമയം അടുത്തിടപഴകുന്നവർക്ക് വളരെ പെട്ടെന്ന് മങ്കിപോക്സ് ബാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗികളെ ഐസൊലേറ്റ് ചെയ്യുക, രോഗിയുടെ അടുത്ത് പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യുക, സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ കഴുകുക, മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
കഴിഞ്ഞ 21 ദിവസത്തിനിടെ വിദേശയാത്രാ പശ്ചാത്തലമുള്ള ഏതൊരാൾക്കും പനി, തലവേദന, ചർമ്മത്തിൽ പാടുകളോ കുമിളകളോ തിണർപ്പോ പൊന്തുക, ശരീരവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവരെ നിരീക്ഷണത്തിലാക്കണം. സാമ്പിൾ പരിശോധനയ്ക്കയച്ച് മങ്കിപോക്സ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ ഇത്തരക്കാർ ഐസൊലേഷനിൽ നിന്ന് മാറാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്നത് പരമാവധി കുറയ്ക്കാനാണ് നീക്കം.
Comments