ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ചരിത്ര ദിനത്തെ അടയാളപ്പെടുത്താൻ 75 പേയ്‌ലോഡുകൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമ്മിച്ച പേയ്‌ലോഡുകളാണിത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ആസാദിസാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പേയ്‌ലോഡുകൾ ഓഗസ്റ്റ് ഏഴിന് എസ്എസ്എൽവിയിലൂടെ വിക്ഷേപിക്കപ്പെടും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് ആറ് മാസത്തെ ‘മിഷൻലൈഫ്’ ഉള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 9:18ന് പേയ്‌ലോഡുകൾ വിക്ഷേപിക്കും.
എന്താണ് ആസാദിസാറ്റ്..
ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച ഉപഗ്രഹമാണിത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ പെൺകുട്ടികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും ഈ മേഖലകളിലേക്ക് കൂടുതൽ പെൺകുട്ടികളെ ക്ഷണിക്കുന്നതിനുമായാണ് ഐഎസ്ആർഒ ഇത്തരമൊരു നീക്കം നടത്തിയത്. എട്ട് കിലോഗ്രാം തൂക്കമുള്ള ക്യൂബ്‌സാറ്റ് വഴി 75 വ്യത്യസ്ത പേയ്‌ലോഡുകളാണ് വിക്ഷേപിക്കപ്പെടുക. ഓരോന്നിനും ഏകദേശം 50 ഗ്രാം ഭാരമുണ്ട്.
പദ്ധതിയ്‌ക്കായി തിരഞ്ഞെടുത്ത പെൺകുട്ടികളെല്ലാവരും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് കൃത്യമായ മാർഗനിർദേശം നൽകിയും ‘സ്പേസ് കിഡ്സ് ഇന്ത്യ’ എന്ന ടീമുമായി സംയോജിപ്പിച്ചുമാണ് പദ്ധതി നടപ്പിലാക്കിയത്. ആസാദിസാറ്റിന് അതിന്റെ ഭ്രമണപഥത്തിലെ അയോണൈസിംഗ് റേഡിയേഷൻ അളക്കാൻ സാധിക്കുന്നു. ഐഎസ്ആർഒ നിർദേശ പ്രകാരം സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിച്ച ഗ്രൗണ്ട് സിസ്റ്റവുമായി ഭ്രമണപഥത്തിലെത്തുന്ന പേയ്‌ലോഡുകൾക്ക് ആശയവിനിമയം നടത്താനാകും.
സയൻസ്-ടെക്നോളജി മേഖലയിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായാണ് പെൺകുട്ടികൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യമുണ്ടാകുന്നതെന്ന് സ്പേസ് കിഡ്സ് ഇന്ത്യ ചീഫ് ടെക്നോളജി ഓഫീസർ റിഫാത്ത് ഷാറൂഖ് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ ഈ വർഷത്തെ ആശയം ‘വിമൻ ഇൻ സ്പേസ്’ എന്നതാണെന്ന വസ്തുത കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു.
ആവശ്യാനുസരണം ചെറിയ പേയ്‌ലോഡുകൾ വിക്ഷേപിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ പുതുതായി വികസിപ്പിച്ച സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ എസ്എസ്എൽവിയാണ് ആസാദിസാറ്റ് വിക്ഷേപണത്തിൽ മുഖ്യപങ്കുവഹിക്കുന്നത്. 500 കിലോഗ്രാം ഭാരമുള്ള പേയ്‌ലോഡുകൾ വരെ ഇതിലൂടെ വിക്ഷേപിക്കാം. (1,750 കിലോഗ്രാം പേയ്‌ലോഡാണ് പിഎസ്എൽവിയുടെ ശേഷി)

















Comments