കൊച്ചി: എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ രേണുരാജിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കേരള മുസ്‌ലിം ജമാഅത്തെ മാദ്ധ്യമ വക്താവ് മുഹമ്മദലി കിനാലൂര്‍. സമൂഹമാദ്ധ്യമങ്ങളിൽ കലക്ടർക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ ഏറെയും സ്ത്രീവിരുദ്ധവും മാന്യതക്ക് നിരക്കാത്തതുമാണെന്ന് മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ശ്രീറാം വെങ്കിട്ടരാമനോടുള്ള ദേഷ്യം ഭാര്യയായ കലക്ടർ രേണുരാജിനോട് പ്രയോഗിക്കുന്നത് ശരിയല്ലെന്നാണ് മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്കിൽ കുറിച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ തെറിവിളിയായാണ് പലരും കളക്ടർക്കെതിരെ പ്രതികരിച്ചത്. അശ്ലീലചുവയോടുകൂടിയാണ് പലരും പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. മഴയെ തുടർന്ന് എറണാകുളം ജില്ലയ്‌ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവധിപ്രഖ്യാപിച്ച സമയം വൈകിയെന്ന് ആരോപിച്ചാണ് കളക്ടർക്കെതിരെ വിമർശനം രൂക്ഷമായത്.സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശങ്ങൾ അതിരുകടന്നതാണെന്ന് മുഹമ്മദലി കിനാലൂര്‍ വ്യക്തമാക്കുന്നു.
ആലപ്പുഴ ജില്ലാകളക്ടർ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമന്റെ ഭാര്യയാണ് രേണുരാജ്. രേണുരാജ് എറണാകുളം ജില്ലാകളക്ടറായി ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ മുസ്ലീം സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുകയും അദ്ദേഹത്തെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയുമായിരുന്നു.ഇതിന്റെ തുടർച്ചയായാണ് രേണുരാജിനെതിരെയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വിഭാഗം വിലയിരുത്തുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കളക്ടർക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. അതിൽ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമാന്യവും ആണെന്ന് പറയാതെ വയ്യ. ശ്രീരാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയും ചിലർ വിമർശിക്കുന്നത് കണ്ടു. എറണാകുളം കളക്ടറുടെ ഭർത്താവ് ആണ് ശ്രീരാം. എന്ന് കരുതി ശ്രീരാമിനോടുള്ള ദ്വേഷം രേണുകരാജ്നെതിരെ പ്രയോഗിക്കുന്നത് ശരിയല്ല. അവർ ബഷീർ കേസിൽ ഏതെങ്കിലും നിലക്ക് പങ്കാളി അല്ല. കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ അവർ കുറ്റാരോപിതയല്ല. അവരുടെ ജീവിതപങ്കാളി ശ്രീരാം ആണെന്നത് അവരെ വിമർശിക്കാനുള്ള കാരണവുമല്ല. ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശം ഇല്ല. സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശങ്ങൾ അതിരുകടന്നതാണ്.
Comments