കോഴിക്കോട്: മസ്ജിദിനുള്ളിലെ നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി. നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന മഹല്ല് കമ്മിറ്റി പുറപ്പെടുവിച്ചു. കഴിഞ്ഞ മാസം 30 നാണ് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം നൽകിയത്. സംഭവം വാർത്തയായതോടെ നിരവധി പേർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.
മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയിറക്കിയത്. മഹല്ല് ജനറൽ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്. മഹല്ല് കമ്മിറ്റിയിൽ നിന്നോ അംഗങ്ങളിൽ നിന്നോ പണ്ഡിതരിൽ നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും കമ്മറ്റി വ്യക്തമാക്കി.
സെക്രട്ടറി കുറ്റസമ്മതം നടത്തിയതായും മസ്ജിദിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണെന്നും ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയതെന്നും മഹല്ല് കമ്മിറ്റി വിശദീകരിച്ചു. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് വധുവിന്റെ കുടുംബം വീഴ്ച വരുത്തിയത്. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും മഹല്ല് പ്രതിനിധി സംഘം ഇത് കുടുംബനാഥനെ നേരിട്ട് അറിയിക്കുമെന്നാണ് വിവരം.സംഭവത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായതിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞ മാസം അവസാനം കുറ്റ്യാടിയിലാണ് വധു മസ്ജിദിലെ നിക്കാഹ് ചടങ്ങിൽ പങ്കെടുത്തത്. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീല പങ്കെടുത്തത്. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകി. മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു.
Comments