കോഴിക്കോട്: പള്ളിയിലെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച സംഭവത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി സഹോദരൻ ഫാസിൽ ഷാജഹാൻ രംഗത്ത്.
മഹല്ല് ഖാളിയുടെയും മഹല്ല് ജനറൽ സെക്രട്ടറിയുടെയും പൂർണ്ണ ആശിർവാദത്തോടെയും ഔദ്യോഗിക അനുമതിയോടെയും കൂടിയാണ് സഹോദരി നിക്കാഹിൽ പങ്കെടുത്തതെന്ന് ഫാസിൽ ഷാജഹാൻ വ്യക്തമാക്കി. മഹല്ലുകമ്മിറ്റി നോട്ടീസിറക്കിയത് വലിയ സമ്മർദ്ദമുണ്ടാക്കിയെന്നും കുറച്ചുപേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി സഹോദരൻ ആരോപിച്ചു.
ജൂലൈ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മമാണ് വിവാദമായത്. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിലാണ് കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീല പങ്കെടുത്തത്. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമും ദലീലയും തമ്മിലുള്ള വിവാഹമാണ് നടന്നത്. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകുകയും മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. സാധാരണ നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം വധുവിന്റെ വീട്ടിലെത്തിയാണ് വരൻ സാധാരണ മഹർ അണിയിക്കുക.
നിക്കാഹ് വാർത്തയായതോടെ പുരോഗമനപരമായ തീരുമാനം കൈകൊണ്ട മഹല്ലിനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. വിവാദമായതോടെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിറക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഞങ്ങൾ ഏഴു മക്കളിൽ അവസാനത്തെ പെങ്ങളുടെ വിവാഹ നിക്കാഹ് വിവാദമായത് തികച്ചും അപ്രതീക്ഷിതമായാണ്. മഹല്ല് ഖാളിയുടെയും മഹല്ല് ജനറൽ സെക്രട്ടറിയുടെയും പൂർണ്ണ ആശിർവാദത്തോടെയും ഔദ്യോഗിക അനുമതിയോടെയും കൂടിയാണ് നിക്കാഹിന്റെ വേദിയിൽ ഉപ്പയോടും വരനോടും നാനൂറോളം ബന്ധുജനങ്ങളോടും ഒപ്പം പെങ്ങൾ നിക്കാഹിനു പങ്കെടുത്തത്.
പലയിടത്തും ഇക്കാര്യം ചർച്ചാ വിഷയമായെങ്കിലും യാതൊരു പ്രതികരണവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. പിന്നീട് മഹല്ലുകമ്മിറ്റി തന്നെ പബ്ലിക്കായി ഒരു നോട്ടീസിറക്കിയതാണ് ഇപ്പോൾ വലിയ സമ്മർദ്ദമുണ്ടാക്കുന്നത്. ഇന്നലെ കുറച്ച് പയ്യൻസ് വീട്ടിലെത്തി ഭീഷണി മുഴക്കുകയും ചെയ്തു.
വിഷയം കുടുംബവുമായി ചർച്ച ചെയ്യുന്നതിനു പകരം ഗൾഫിലേത് അടക്കമുള്ള വിവിധ വാട്സപ് ഗ്രൂപ്പുകളിൽ വിഷയം ചർച്ചയ്ക്ക് ഇട്ടത് പക്വതയാർന്ന നടപടിയല്ല. ശേഷം പത്രക്കാരും ചാനലുകാരുമടക്കം നിരവധി ഫോൺകോളുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരോടും മറുപടി പറയുക സാധ്യമല്ല. കമ്മിറ്റി പരസ്യ ചർച്ചയ്ക്ക് ഇട്ട നോട്ടീസ് ഇതായിരുന്നു :
04/08/2022 – വ്യാഴം
05/01/1444
بسم الله الرحمن الرحيم
السلام عليكم و رحمة الله و بركاته
പ്രിയ മഹല്ല് നിവാസികളെ !
30.07.2022 ന് മഹല്ല് മസ്ജിദിൽ നടന്ന
നികാഹ് കർമം
ഒരു വിവാദ വിഷയമായി മാറിയ സാഹചര്യത്തിൽ
03.08.2022 (ഇന്നലെ) – ബുധനാഴ്ച – മഹല്ല് കമ്മിറ്റി ചേരുകയും
താഴെ പറയുന്ന തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
1. പള്ളിയിലെ നികാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ല.
2. മഹല്ല് ജനറൽ സെക്രട്ടറിയോട് നികാഹിന്റെ
തൊട്ടുമുമ്പാണ് കുടുംബം സമ്മതം ചോദിച്ചത് –
മഹല്ല് ജനറൽ സെക്രട്ടറി സ്വന്തം നിലക്ക് അപ്പോൾ അനുവാദം നൽകിയത് വലിയ വീഴ്ചയാണ്.
3. പാലേരി -പാറക്കടവ് മസ്ജിദിൽ
അത്തരം ഒരു പ്രവേശന അനുമതി
മഹല്ല് കമ്മിറ്റിയിൽ നിന്നോ/ കമ്മിറ്റി അംഗങ്ങളിൽ നിന്നോ / ഏതെങ്കിലും പണ്ഡിതനിൽ നിന്നോ ജനറൽ സെക്രട്ടറിക്ക് ലഭിച്ചിട്ടില്ല.
( ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്തെ / പള്ളിക്ക് വെളിയിലെ
മറ്റൊരു വിവാഹ വേദിയുമായി
ബന്ധപ്പെട്ട കാര്യമാണ്)
4. മഹല്ല് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിരിക്കുന്നു.
സെക്രട്ടറിയുടെ കുറ്റസമ്മതം
മഹല്ല്കമ്മിറ്റി മുഖവിലക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
5. പള്ളിയിൽ Photo session സംഘടിപ്പിച്ചത്
അനധികൃതമായിട്ടാണ് – ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്താതെ / അനുവാദം വാങ്ങാതെ, പള്ളി അർഹിക്കുന്ന മര്യാദകൾ നഗ്നമായി ലംഘിച്ചുകൊണ്ട് അത്തരം ഒരു നീക്കം നടത്തിയതിൽ വധുവിന്റെ കുടുംബമാണ് ഉത്തരവാദികൾ-
ഏതൊരു വിശ്വാസിയും
പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നത് – അക്കാര്യം ഗുരുതരമായ വീഴ്ചയാണെന്ന്
മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കുന്നതാണ്.
6. ഈ വിഷയത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട് –
അതിൽ മഹല്ല് കമ്മിറ്റി നിരുപാധികം മാപ്പ് ചോദിക്കുന്നു …
7. പള്ളിയിൽ നടക്കുന്ന നികാഹ് ചടങ്ങ് സംബദ്ധിച്ച് പ്രത്യേകമായും മഹല്ലിലെ നികാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കുന്നതാണ്.
8. മേൽക്കാര്യങ്ങൾ
5.8.2022 ന് ചേരുന്ന മഹല്ല് ജനറൽ ബോഡി യിൽ വിശദീകരിക്കുന്നതാണ്
9. മഹല്ല് ചാരിറ്റി വിംഗ് രൂപീകരണം
12.08.2022 ന് ചേരുന്ന ജനറൽ ബോഡിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു –
പ്രാർത്ഥനയോടെ,
*മഹല്ല് ജമാഅത്ത്*
*പാലേരി – പാറക്കടവ്* See less
Comments