മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘റാം‘ ചിത്രീകരണം പുനരാരംഭിച്ചു. സംവിധായകൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3ഡി ചിത്രം ‘ബറോസ്‘ ചിത്രീകരണം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഇനി കാത്തിരിപ്പിന്റെ നാളുകളാണ് എന്നും മോഹൻലാൽ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ‘റാം‘ ചിത്രീകരണം പുനരാരംഭിച്ച വാർത്ത ജീത്തു ജോസഫ് പുറത്തു വിട്ടിരിക്കുന്നത്. ‘അയാൾക്ക് അതിരുകളില്ല‘ എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ എത്തിയിരിക്കുന്നത്.
ലണ്ടനിലും പാരീസിലും ചിത്രീകരിക്കുന്ന റാമിന്റെ എറണാകുളത്തെ ഷെഡ്യൂളാണ് പുനരാരംഭിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയായിരുന്നു. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമായ ‘റാം‘ പാൻ ഇന്ത്യൻ തലത്തിൽ മാർക്കറ്റ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിന്റെ സീക്വൽ ഒരുങ്ങുന്നതായും വാർത്തകളുണ്ട്. മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം.
തൃഷ നായികയാകുന്ന റാമിൽ ഇന്ദ്രജിത്ത് സുകുമാരൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, സായ്കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അന്യഭാഷയിലെ പ്രമുഖ താരം സസ്പെൻസ് കഥാപാത്രമായി ചിത്രത്തിൽ എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സംവിധായകൻ ജീത്തു ജോസഫ് തന്നെ രചന നിർവ്വഹിക്കുന്ന റാമിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇതുവരെ മൂന്ന് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യം, ഒടിടിയിൽ തകർപ്പൻ വിജയം നേടിയ ദൃശ്യം 2, ട്വെൽത്ത് മാൻ എന്നിവയാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങൾ.
Comments