പാറ്റ്‌ന: ഭാര്യയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കുടുംബനാഥൻ മുഹമ്മദ് ജിബ്രിൽ ആലത്തിനായി പോലീസ് തിരച്ചിലിലാണ്.
ബിഹാറിലെ മധേപുര ജില്ലയിൽ ശ്രീനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊഖാരിയ തോല ഗ്രാമവാസിയാണ് കൊലപാതകം നടത്തിയ മുഹമ്മദ് ജിബ്രിൽ. 30-കാരിയായ ഭാര്യ മുർഷിദ ഖാത്തൂണിനെയും മകൾ ജിയ പർവീണിനെയുമാണ് മുഹമ്മദ് ജിബ്രിൽ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 5 വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ കൊലപാതകമുണ്ടായത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല മാത്രമെടുത്ത് മുർഷിദയുടെ മാതാപിതാക്കളുടെ വീടിന് സമീപം നിക്ഷേപിക്കുകയാണ് പ്രതി ചെയ്തത്. മാതാപിതാക്കളുടെ വീട്ടിൽ നിന്ന് 200 മീറ്റർ മാറി ഒരു ഓവുചാലിൽ തല ഉപേക്ഷിച്ചു. കൂടെ ഒരു കുറിപ്പും വെച്ചിരുന്നു.
”ഇതാ, ഇതെടുത്ത് വെച്ചോളൂ, നിങ്ങളുടെ മകളെ നിങ്ങളുടെ കൂടെ തന്നെ നിർത്തിക്കോളൂ” എന്നെഴുതിയ കുറിപ്പായിരുന്നു ഭാര്യയുടെ അറുത്തെടുത്ത തലയ്‌ക്കൊപ്പം പ്രതി വെച്ചിരുന്നത്.
കൊലപാതകത്തിന് ശേഷം പ്രതി സ്വയം ഒരു വീഡിയോ ചിത്രീകരിക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. സംഭവമറിഞ്ഞ് എത്തിയ പോലീസ് വീട്ടിൽ നിന്നും യുവതിയുടെയും മകളുടെയും മൃതദേഹം കണ്ടെടുക്കുകയും പോസ്റ്റ് മോർട്ടത്തിനായി അയക്കുകയും ചെയ്തു.
ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്താലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവിൽ പ്രതിയുടെ മാതാപിതാക്കൾ അറസ്റ്റിലാണ്. ഒളിവിൽ പോയ മുഹമ്മദ് ജിബ്രിൽ ആലമിനായി തിരച്ചിൽ തുടരുകയാണ് പോലീസ്.
Comments