പൊതു ഗതാഗത വാഹനങ്ങളിൽ മനുഷ്യരാണ് സാധാരണയായി യാത്ര ചെയ്യാറുള്ളത്. പുറം നാടുകളിൽ വാഹനങ്ങളിലും മറ്റും തങ്ങളുടെ നായയെയോ പൂച്ചയെയോ കൊണ്ട് പോകുമെങ്കിലും അതിനായി ബസോ ട്രെയിനോ ഉപയോഗിക്കുന്നത് പതിവല്ല. എന്നാൽ ഒരു ട്രെയിനിൽ ഒരു കാള യാത്ര ചെയ്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?
ഝാർഖണ്ഡ് മുതൽ ബിഹാർ വരെ ഒരു ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്തുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ് ഒരു കാള. മിർസ ച്യൂക്കി സ്റ്റേഷനിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. അജ്ഞാതരായ കുറച്ച് ആളുകൾ ഒരു പാസഞ്ചർ ട്രെയിനിൽ കാളയുമായി കയറിവന്നു. തുടർന്ന് യാത്രക്കാരോട് കാളയെ സാഹിബ്ഗഞ്ചിൽ ഇറക്കിവിടാൻ പറഞ്ഞശേഷം ഇവർ പോയി. യാത്രക്കാർക്ക് എന്തെങ്കിലും പിടികിട്ടുന്നതിന് മുൻപ് തന്നെ കാളയെ കെട്ടിയിട്ട് അവർ സ്ഥലം വിട്ടിരുന്നു.
കാളയുടെ അടുത്തേക്ക് പോകാൻ പോലും ചിലർക്ക് ഭയമായിരുന്നു, ചിലർ മറ്റ് ബോഗികളിലേക്ക് പോയി. എന്നാൽ മറ്റ് ചിലർ ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Comments