ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് രണ്ടു മണിയോടെ 200 കുമെക്സ് ആയി ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈകിട്ട് മൂന്ന് മണിയോടെ അഞ്ച് ഷട്ടറുകളും ഉയർത്തി ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് 250 കുമെക്സ് ആയി ഉയർത്തും. 4.30 ന് 300 കുമെക്സ് ജലം പുറത്തേയ്ക്ക് ഒഴുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംഭരണ ശേഷി നിലനിർത്തുന്നതിനും അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിനുമുള്ള മുൻകരുതൽ മാത്രമാണിത്. അണക്കെട്ടിൽ ജലനിരപ്പ് പെട്ടെന്നുയർന്നാൽ ഒരുമിച്ച് വലിയ അളവിൽ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ 5000 കുമെക്സ് ജലം കൂടി പുറത്തു വിടണം എന്ന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
135 അടി ജലം ഉണ്ടായിരുന്നപ്പോൾ കൊണ്ടു പോയിരുന്ന അതെ അളവാണ് ഇപ്പോഴും തമിഴ്നാട് കൊണ്ടു പോകുന്നത്. ഇത് കൂട്ടണം എന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പെരിയാർ തീരത്തു ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടവും പോലീസ് ഫയർ ഫോഴ്സ് അധികൃതരും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments