ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണം നേടിയ ബാഡ്മിന്റൺ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചാമ്പ്യൻമാരുടെ ചാമ്പ്യൻ! മികവ് എന്താണെന്ന് അവർ ആവർത്തിച്ച് കാണിക്കുന്നു. താരത്തിന്റെ സമർപ്പണവും പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്നതാണ്. കോമൺവെൽത്ത് ഗെയിമിൽ സ്വർണ്ണ മെഡൽ നേടിയ സിന്ധുവിന് അഭിനന്ദനങ്ങൾ. അവളുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇതോടെ സിന്ധു നേടുന്ന മെഡലുകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ തവണ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയിൽ ഒതുങ്ങിയ സിന്ധു ഇത്തവണ സ്വർണം സ്വന്തമാക്കി മറുപടി നൽകി. രണ്ട് ഒളിമ്പിക് മെഡലുകളും, അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും നേടിയെടുത്തിട്ടുള്ള സിന്ധുവിന് ബർമിംഗ്ഹാമിലെ വിജയം കോമൺവെൽത്തിൽ ആദ്യ സ്വർണനേട്ടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.. 2014ലെ കോമൺവെൽത്തിൽ വെങ്കലവും 2018ൽ വെള്ളിയും കരസ്ഥമാക്കിയ താരം 2022ൽ സ്വർണം നേടി രാജ്യത്തിന്റെ യശസ്സുയർത്തിയിരിക്കുകയാണ്.
പിവിസിന്ധുവിന്റെ മികച്ച സുവർണ്ണ നേട്ടത്തെ വിവിധ കേന്ദ്രമന്ത്രിമാരും അഭിനന്ദിച്ചു. ‘സിംഗിൾസ് ബാഡ്മിന്റൺ ഫൈനലിൽ രാജ്യത്തിനായി സ്വർണ്ണമെഡൽ നേടാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ ഞങ്ങളുടെ യുവാക്കൾക്ക് ഒരു പ്രചോദനവും മാതൃകയുമാണ്. എന്റെ ആശംസകളും അനുഗ്രഹങ്ങളും’ കേന്ദ്രമന്തി നിതിൻ ഗഡ്കരി സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ എന്നിവരും പി വി സിന്ധുവിനെ അഭിനന്ദിച്ചു.
Comments